സ്വര്‍ണക്കടത്ത് കേസ് : സ്പീക്കറെ നീക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നോട്ടീസ് നല്‍കി

തിരുവനന്തപുരം: നിയമസഭാ സ്പീക്കറുടെ അന്തസ്സിന് നിരക്കാത്ത പ്രവൃത്തി സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്റെ ഭാഗത്ത് നിന്ന് ഉണ്ടായി എന്നും സ്പീക്കറെ നീക്കണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷം നോട്ടീസ് നല്‍കി. മഞ്ചേരി എം.എല്‍.എ എം ഉമ്മറാണ് ചട്ടം 65 പ്രകാരം നിയമസഭാ സെക്രട്ടറിക്ക് നോട്ടീസ് നല്‍കിയത്. എന്‍ഐഎ അന്വേഷിക്കുന്ന സ്വര്‍ണ്ണക്കടത്തുകേസിലെ കുറ്റവാളികളുമായി സ്പീക്കര്‍ക്കുള്ള അടുപ്പം സംശയകരമാണെന്നും നോട്ടീസില്‍ ആരോപിക്കുന്നുണ്ട്. മുസ്ലിംലീഗ് അംഗം എം ഉമ്മറാണ് നിയമസഭാ സെക്രട്ടറിക്ക് ഇന്ന് ഈ പ്രമേയം നല്‍കിയത്.

സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രധാന പ്രതികളെന്ന് എന്‍ഐഎ കരുതുന്നവര്‍ രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങളടക്കമുള്ളവ നടത്തിയെന്നാണ് എന്‍ഐഎയുടെ സംശയം. അത്തരത്തില്‍ സംശയിക്കുന്ന പ്രതികള്‍ക്ക് സ്പീക്കര്‍ ശ്രീരാമകൃഷ്ണനുമായുള്ള ബന്ധം ശരിയല്ല. പ്രതികളിലൊരാളുടെ സ്ഥാപനം ഉദ്ഘാടനം ചെയ്യാന്‍ സ്പീക്കര്‍ പോയതും സംശയകരമാണ്. ഇത്തരത്തില്‍ സ്പീക്കര്‍ സ്ഥാനത്തിന്റെ അന്തസ്സിനും പവിത്രതയ്ക്കും മാന്യതയ്ക്കും കേടുവരുത്തിയെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. ഈ സാഹചര്യത്തില്‍ പി ശ്രീരാമകൃഷ്ണന് സ്പീക്കര്‍ സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ലെന്നും സ്പീക്കറെ നീക്കണമെന്നുമാണ് പ്രതിപക്ഷത്തിന്റ പ്രമേയത്തിന്റെ ഉള്ളടക്കം.

Top