സ്വര്‍ണക്കടത്ത് കേസ് ; ശിവശങ്കറിനെ ചോദ്യം ചെയ്യാന്‍ കസ്റ്റംസ് നടപടി തുടങ്ങി

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ ചോദ്യം ചെയ്യാന്‍ കസ്റ്റംസ് നടപടി തുടങ്ങി. കസ്റ്റംസ് നിയമപ്രകാരം ഉടന്‍ നോട്ടീസ് നല്‍കും. ചോദ്യം ചെയ്യുന്നതിനായി ശിവശങ്കറിനെ കൊച്ചിയിലേക്ക് വിളിച്ചു വരുത്തുമെന്നാണ് വിവരം.

അതേസമയം, പല സ്വര്‍ണക്കടത്തിന്റെയും ഗൂഡാലോചന ശിവശങ്കറിന്റെ ഫ്‌ളാറ്റില്‍ വച്ചായിരുന്നുവെന്ന് കേസിലെ പ്രതി സരിത് മൊഴി നല്‍കിയിരുന്നു. എന്നാല്‍ ഗൂഡാലോചനയില്‍ ശിവശങ്കറിന് പങ്കില്ലെന്നും സരിത് വ്യക്തമാക്കി.

സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മൂന്നുപേര്‍ കൂടി കസ്റ്റംസ് പിടിയിലായി. നേരത്തെ അറസ്റ്റിലായ മലപ്പുറം സ്വദേശി റമീസുമായി അടുത്ത ബന്ധമുള്ളവരാണ് ഇവര്‍. മുവാറ്റുപുഴ സ്വദേശി ജലാലും മറ്റു രണ്ടുപേരുമാണ് അറസ്റ്റിലായത്. ഇവര്‍ നിരവധി സ്വര്‍ണക്കടത്തു കേസുകളിലെ പ്രതികളാണ്. തിങ്കളാഴ്ച രാത്രിയാണ് മൂവരെയും കസ്റ്റംസ് അറസ്റ്റ് ചെയ്തത്.

രാജ്യാന്തരബന്ധമുള്ള കള്ളക്കടത്ത് സംഘങ്ങളിലേക്കാണ് നിലവില്‍ കസ്റ്റംസിന്റെയും എന്‍.ഐ.എയുടെയും അന്വേഷണം പോകുന്നത്. രാജ്യത്തെയും സംസ്ഥാനത്തെയും സ്വര്‍ണക്കടത്ത് നിയന്ത്രിക്കുന്ന ശൃംഖലയിലെ പ്രധാന കണ്ണിയാണ് കഴിഞ്ഞദിവസം പിടിയിലായ റമീസ്.

Top