സ്വര്‍ണക്കടത്ത് കേസില്‍ പ്രതികളായ സരിത്തിന്റെയും റമീസിന്റെയും വീട്ടില്‍ റെയ്ഡ്

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ പ്രതികളായ സരിത്തിന്റെയും റമീസിന്റെയും വീട്ടില്‍ റെയ്ഡ്. സരിത്തിന്റെ തിരുവല്ലത്തെ വീട്ടിലും റമീസിന്റെ പെരിന്തല്‍മണ്ണയിലെ വീട്ടിലുമാണ് റെയ്ഡ് നടത്തുന്നത്.

തിരുവല്ലത്തുള്ള സരിത്തിന്റെ വീട്ടില്‍ എന്‍ഐഎ ഉദ്യോഗസ്ഥരാണ് പരിശോധന നടത്തിയത്. പ്രാഥമിക വിവര ശേഖരണമാണ് ഉദ്യോഗസ്ഥര്‍ നടത്തിയത്. അയല്‍വാസികളോട് വിവരം ചോദിച്ചറിഞ്ഞു. ഇയാളുടെ വീട്ടില്‍ എന്‍ഐഎ നിരീക്ഷണം ഏര്‍പ്പെടുത്തി. റമീസിന്റെ പെരിന്തല്‍മണ്ണയിലെ വെട്ടത്തൂരിലെ വീട്ടില്‍ കസ്റ്റംസാണ് പരിശോധന നടത്തിയത്. പെരിന്തല്‍മണ്ണ എഎസ്പി എം ഹേമലതയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്കൊപ്പം പരിശോധനയ്ക്ക് എത്തി.

അതേസമയം കേസില്‍ എന്‍ഐഎ അറസ്റ്റ് ചെയ്ത മുഖ്യപ്രതികളെ കോടതി 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു. സ്വപ്ന സുരേഷ്, സന്ദീപ് നായര്‍ എന്നിവരെ അങ്കമാലിയിലെ കൊവിഡ് നിരീക്ഷണ കേന്ദ്രത്തിലാണ് പാര്‍പ്പിക്കുക. ബെംഗലൂരുവില്‍ നിന്ന് റോഡ് മാര്‍ഗം കൊച്ചിയിലെത്തിച്ച പ്രതികളെ വൈകിട്ടാണ് എന്‍ഐഎ കോടതിയില്‍ ഹാജരാക്കിയത്. അങ്കമാലി കറുകുറ്റിയിലെ കോവിഡ് കെയര്‍ സെന്റിലേക്കാവും സന്ദീപിനെ മാറ്റുക.

എന്‍ഐഎ ഓഫിസിലെത്തിച്ച് നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച ശേഷമാണ് പ്രതികളെ കോടതിയിലേക്ക് എത്തിച്ചത്. നാളെ പ്രതികളുടെ കോവിഡ് പരിശോധനാഫലം ലഭിക്കും.

Top