സ്വര്‍ണക്കടത്ത് കേസില്‍ രാഹുല്‍ ഗാന്ധി തുടരുന്ന മൗനത്തില്‍ ദുരൂഹത ; കൃഷ്ണദാസ്

കണ്ണൂര്‍: സ്വര്‍ണക്കടത്ത് കേസില്‍ രാഹുല്‍ ഗാന്ധി തുടരുന്ന മൗനത്തില്‍ കോണ്‍ഗ്രസ് നേതൃത്വം നിലപാട് വ്യക്തമാക്കണമെന്ന് ബി.ജെ.പി. ദേശീയ നിര്‍വ്വാഹക സമിതിയംഗം പി.കെ. കൃഷ്ണദാസ്. രാഹുല്‍ കോണ്‍ഗ്രസിന്റെ അഖിലേന്ത്യ നേതാവ് മാത്രമല്ല, കേരളത്തില്‍നിന്നുള്ള ജനപ്രതിനിധി കൂടിയാണ്. രാഹുലിന്റെ മൗനത്തില്‍ ദുരൂഹതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ചെന്നിത്തലയും മുല്ലപ്പള്ളിയും ഇതില്‍ നിലപാട് വ്യക്തമാക്കാന്‍ തയ്യാറാകണം. ഡല്‍ഹിയില്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയും കോണ്‍ഗ്രസും തമ്മില്‍ ഉണ്ടാക്കിയ രഹസ്യ ധാരണയുടെ ഭാഗമാണ് രാഹുലിന്റെ മൗനമെന്നും കൃഷ്ണദാസ് വ്യക്തമാക്കി.

ബി.ജെ.പി. ദേശീയ അധ്യക്ഷന്‍ ജെ.പി. നഡ്ഡ നിരവധി തവണ സ്വര്‍ണ്ണക്കടത്തു കേസുമായി ബന്ധപ്പെട്ട വിഷയത്തില്‍ പ്രതികരിച്ചിട്ടുണ്ട്. എന്നാല്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി മൗനം പാലിക്കുന്നത് മാര്‍ക്‌സിസ്റ്റ്-കോണ്‍ഗ്രസ്സ് അവിശുദ്ധ കൂട്ടുകെട്ടിന്റെ ഭാഗമാണെന്നും വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Top