പ്രതിപക്ഷത്തിന് അപ്രതീക്ഷിത പ്രഹരം, കോടതി വിധി സർക്കാറിന് ആശ്വാസം

സ്വര്‍ണ്ണക്കടത്ത് കേസില്‍ ഹൈക്കോടതി ഇപ്പോള്‍ പുറപ്പെടുവിച്ച ഉത്തരവ് ഏറെ ശ്രദ്ധേയമാണ്. പ്രതിപക്ഷത്തിന്റെ മുഖത്തേറ്റ വലിയ പ്രഹരം കൂടിയാണിത്. സ്പ്രിംക്ലര്‍ ഇടപാടിലും സ്വര്‍ണ്ണക്കടത്ത് കേസിലും, മുഖ്യമന്ത്രിക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയാണ്, ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ഡിവിഷന്‍ ബഞ്ച് തള്ളിയിരിക്കുന്നത്. സ്വര്‍ണ്ണക്കടത്ത് കേസില്‍ ഇടപെടാന്‍ ഉദ്ദേശിക്കുന്നില്ലന്ന് വ്യക്തമാക്കിയ ഹൈക്കോടതി, എന്‍.ഐ.എ നടത്തുന്ന അന്വേഷണവും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. പ്രത്യേക അന്വേഷണം മുഖ്യമന്ത്രിക്കെതിരെ, നിര്‍ദ്ദേശിക്കേണ്ട സാഹചര്യം ഇപ്പോഴില്ലന്നാണ് കോടതി വ്യക്തമാക്കിയിരിക്കുന്നത്.

മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് മുറവിളി കൂട്ടുന്ന, പ്രതിപക്ഷത്തിന്റെ മുനയാണ് ഇതോടെ പൊടിഞ്ഞ് പോയിരിക്കുന്നത്. യു.ഡി.എഫിനും ബി.ജെ.പിക്കും സര്‍ക്കാറിനെതിരെ, ആവനാഴിയിലെ അവസാനത്തെ ആയുധമാണ് സ്വര്‍ണ്ണക്കടത്ത് കേസ്. സ്വപ്ന സുരേഷ് എന്ന, മുന്‍ യു.എ.ഇ കോണ്‍സുലേറ്റിലെ എക്സിക്യൂട്ടീവ് സെക്രട്ടറിയുടെ, ബന്ധങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷത്തിന്റെ ആരോപണങ്ങള്‍. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് ഇവരുമായുള്ള ബന്ധമാണ് വിവാദങ്ങള്‍ക്കെല്ലാം അടിസ്ഥാനം.

ശിവശങ്കര്‍ തന്റെ പദവി ദുരുപയോഗം ചെയ്തിട്ടുണ്ടെങ്കില്‍ തീര്‍ച്ചയായും ശിക്ഷിക്കപ്പെടണം. വിമാനത്താവളത്തിലൂടെയുള്ള ഈ കള്ളക്കടത്ത് കേന്ദ്രസര്‍ക്കാറിന്റെയും വീഴ്ച്ചയാണ്. ആക്ഷേപം ഉയര്‍ന്നപ്പോള്‍ തന്നെ, തല്‍സ്ഥാനത്ത് നിന്നും ശിവശങ്കറിനെ മുഖ്യമന്ത്രി നീക്കം ചെയ്തിട്ടുമുണ്ട്. പിന്നീട് വ്യക്തത വന്നതോടെ സര്‍വ്വീസില്‍ നിന്നും സസ്പെന്റ് ചെയ്യുകയുമുണ്ടായി. അഖിലേന്ത്യാ സര്‍വ്വീസിലെ പെരുമാറ്റ ചട്ടലംഘനത്തിനാണ് സസ്പെന്‍ഷന്‍.

സ്വര്‍ണ്ണക്കടത്തില്‍ ശിവശങ്കറിന് ബന്ധമുണ്ടെങ്കില്‍ ഇനി അക്കാര്യം പറയേണ്ടത് എന്‍.ഐ.എയാണ്. അവര്‍ കേസന്വേഷിച്ച് എല്ലാം കണ്ടെത്തട്ടെ. അതുവരെ ക്ഷമയോടെ കാത്തിരിക്കാന്‍ പ്രതിപക്ഷവും തയ്യാറാകണം. ശിവശങ്കറിന് ഒരു പരിഗണനയും ഇവിടെ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയിട്ടില്ല. നടപടികളില്‍ നിന്നു തന്നെ അക്കാര്യം വ്യക്തവുമാണ്. ഇനി ശിവശങ്കറെ സര്‍വ്വീസില്‍ നിന്നും പിരിച്ചു വിടണമെങ്കില്‍, അക്കാര്യം തീരുമാനമെടുക്കേണ്ടത് രാഷ്ട്രപതിയാണ്. കേന്ദ്ര സര്‍വ്വീസായ ഐ.എ.എസ്, ഐ.പി.എസ് ഉദ്യാഗസ്ഥരെ പിരിച്ച് വിടാനുള്ള അധികാരം രാഷ്ട്രപതിക്കാണുള്ളത്. ഇക്കാര്യത്തില്‍ നിര്‍ണ്ണായക നിലപാട് സ്വീകരിക്കേണ്ടത് കേന്ദ്ര സര്‍ക്കാറാണ്.

ശക്തമായ തെളിവുകള്‍ ഇല്ലാതെ ഒരു ഐ.എ.എസ് ഉദ്യോഗസ്ഥനെയും പിരിച്ച് വിടാന്‍ കഴിയുകയില്ല. ഇക്കാര്യം കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി നേതാക്കളെങ്കിലും മനസ്സിലാക്കണം. ചെന്നിത്തലക്ക് ഇക്കാര്യം അറിയില്ലങ്കില്‍,സിവില്‍ സര്‍വ്വീസ് ഉദ്യാഗസ്ഥനായ മകനോടെങ്കിലും, ഒന്നു ചോദിക്കണം. സ്വര്‍ണ്ണക്കടത്ത് കേസ് അന്വേഷിക്കുന്ന കേന്ദ്ര ഏജന്‍സികളില്‍ നിന്നും, ഒരു ഔദാര്യവും ഇടതുപക്ഷ സര്‍ക്കാറിന് ലഭിക്കുകയില്ല.

ചുവപ്പിനെ കൊടും ശത്രുവായി പ്രഖ്യാപിച്ച, സംഘപരിവാര്‍ താല്‍പര്യങ്ങളാണ് അമിത് ഷാ നടപ്പാക്കുക. രാജ് നാഥ് സിംഗിനെ പ്രതിരോധ വകുപ്പിലേക്ക് മാറ്റി, ഷായെ മോദി ആഭ്യന്തരം ഏല്‍പ്പിച്ചത് തന്നെ, വ്യക്തമായ കണക്കുകൂട്ടലിലാണ്. ചെറിയ ഒരു സാധ്യത തെളിഞ്ഞാല്‍ പോലും, പിണറായി സര്‍ക്കാറിനെ പ്രതിക്കൂട്ടില്‍ നിര്‍ത്താനാണ് കേന്ദ്രം ശ്രമിക്കുക. അക്കാര്യം വ്യക്തവുമാണ്.

തദ്ദേശ തിരഞ്ഞെടുപ്പും നിയമസഭാ തിരഞ്ഞെടുപ്പും, പടിവാതില്‍ക്കല്‍ എത്തി നില്‍ക്കുന്ന സമയമാണിത്. യഥാര്‍ത്ഥ പ്രതിപക്ഷം തങ്ങളാണ് എന്ന് ചൂണ്ടിക്കാട്ടി, നേട്ടമുണ്ടാക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നത്. കേന്ദ്ര ഏജന്‍സി പറയാത്ത കാര്യങ്ങള്‍ പോലും, കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടി വിളിച്ചു പറയുന്നതും, അതുകൊണ്ടാണ്. ഹിന്ദുത്വ വാദമുയര്‍ത്തുന്ന ബി.ജെ.പിക്ക്, ഇതുവരെ കേരളത്തില്‍ മുന്നേറ്റമുണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ല. ഒരു അംഗം മാത്രമാണ് അവര്‍ക്ക് നിയമസഭയിലുള്ളത്. നേമത്ത് ഒ.രാജഗോപാല്‍ മത്സരിച്ചില്ലങ്കില്‍, ഈ സീറ്റുപോലും കൈവിട്ട് ‘ പോകുവാനും സാധ്യതയുണ്ട്.

സംസ്ഥാനത്തെ ഹിന്ദു വോട്ടുകളില്‍ ബഹുഭൂരിപക്ഷവും ലഭിക്കുന്നത് ഇടതുപക്ഷത്തിനാണ്. ഈ അടിത്തറ തകര്‍ക്കാതെ ബി.ജെ.പിക്ക് കേരളത്തില്‍ വളരാന്‍ കഴിയില്ലന്നാണ്, ആര്‍.എസ്.എസും വിലയിരുത്തുന്നത്. ഇതിന് അവര്‍ പ്രധാനമായും കാണുന്ന പോം വഴി, സര്‍ക്കാരിനെയും സി.പി.എമ്മിനെയും, ഒറ്റപ്പെടുത്തി ആക്രമിക്കുക എന്നതാണ്. അതിന് പറ്റിയ ആയുധമായാണ് സ്വര്‍ണ്ണക്കടത്ത് കേസിനെ ബി.ജെ.പി നോക്കി കാണുന്നത്.

ശിവശങ്കറിലൂടെ മുഖ്യമന്ത്രിയിലെത്താന്‍ പറ്റുമോ എന്നതാണ് പ്രധാന നോട്ടം. മുഖ്യമന്ത്രിയുമായി പരിചയമുള്ളവര്‍ക്കെതിരെപോലും, ഇപ്പോള്‍ ആക്ഷേപമുയര്‍ത്തിയിട്ടുണ്ട്. ബി.ജെ.പി ഉന്നയിക്കുന്ന ആരോപണങ്ങള്‍, പിന്നീട് കോണ്‍ഗ്രസ്സ് ഏറ്റെടുക്കുന്ന സ്ഥിതിയാണ് നിലവിലുള്ളത്. ‘കാടടച്ചുള്ള’ വെടിയാണിത്. കേന്ദ്രം ഭരിക്കുന്നത് ബി.ജെ.പിയായതിനാല്‍, കേന്ദ്ര ഏജന്‍സി അന്വേഷിക്കുന്ന കേസിലെ ബി.ജെ.പി നേതാക്കളുടെ അഭിപ്രായത്തിന്, മാധ്യങ്ങളും വലിയ പ്രാധാന്യം കൊടുക്കുന്നുണ്ട്. കേട്ടപാതി കേള്‍ക്കാത്ത പാതിയാണ് മാധ്യമങ്ങള്‍, ആരോപണങ്ങളെല്ലാം റിപ്പോര്‍ട്ട് ചെയ്യുന്നത്. അടിസ്ഥാനമില്ലാത്ത ആരോപണമായാല്‍ പോലും പൊതു സമൂഹത്തെ തെറ്റിധരിപ്പിക്കാനാണ് ഈ ‘പരിഗണനകളെല്ലാം ‘ വഴിവയ്ക്കുന്നത്.

സ്വപ്നയുടെ കോള്‍ ലിസ്റ്റ് പുറത്ത് വിട്ടതിന് പിന്നിലെ താല്‍പ്പര്യങ്ങളും, ഇവിടെ വ്യക്തമാണ്. സ്വപ്നയുടെ കോള്‍ലിസ്റ്റുകള്‍ കേന്ദ്ര – സംസ്ഥാന ഏജന്‍സികളുടെ കൈവശം മാത്രമാണുള്ളത്. മാധ്യമ പ്രവര്‍ത്തകര്‍ക്കുള്‍പ്പെടെ കോള്‍ലിസ്റ്റ് നേരിട്ട് ലഭിക്കാന്‍ പരിമിതികള്‍ ഏറെയാണ്. പുറത്ത് വരണം എന്നാഗ്രഹിച്ച കോള്‍ലിസ്റ്റുകള്‍ മാത്രമാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. ഇനി പുറത്ത് വരാനുള്ളതും അത്തരത്തില്‍ ഉള്ളത് തന്നെയായിരിക്കും.

ചോദ്യം ചെയ്ത് തീരും മുന്‍പ് ഇത്തരത്തില്‍ രേഖകള്‍ പുറത്തായാല്‍, അത് പ്രതികളുടെ അടുപ്പക്കാര്‍ക്കാണ് സഹായകരമാകുക. കോടതിയില്‍ ഹാജരാക്കേണ്ട മൊബൈല്‍ ഫോണ്‍ കോള്‍ രേഖകള്‍, പുറത്ത് വിട്ടത് തന്നെ ഗുരുതര വീഴ്ചയാണ്. ഈ ലിസ്റ്റ് മുന്‍നിര്‍ത്തിയാണ് സംസ്ഥാനത്ത് രാഷ്ട്രിയ ചര്‍ച്ചകളും പൊടിപൊടിക്കുന്നത്. ബി.ജെ.പി നേതാക്കളാണ് ആരോപണമുയര്‍ത്തുന്നതില്‍ മുന്നില്‍ നില്‍ക്കുന്നത്.

അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ 15 സീറ്റാണ് ബി.ജെ.പി ലക്ഷ്യമിടുന്നത്. 10 എങ്കിലും ലഭിച്ചിരിക്കണമെന്ന താക്കീതാണ്, ദേശീയ നേതൃത്വവും സംസ്ഥാന ഘടകത്തിന് നല്‍കിയിരിക്കുന്നത്. സി.പി.എമ്മിന്റെ അടിത്തറ തകര്‍ക്കാതെ, ഇതൊരിക്കലും ബി.ജെ.പിക്ക് ഈ മണ്ണില്‍ സാധ്യമാവുകയില്ല. സ്വര്‍ണ്ണക്കടത്തില്‍ ‘തൂങ്ങി’, പിണറായി സര്‍ക്കാറിനെ പരമാവധി പ്രതിരോധത്തിലാക്കുക എന്ന തന്ത്രമാണ്, ബി.ജെ.പി ഇപ്പോള്‍ പയറ്റുന്നത്. ശക്തമായ പ്രതിപക്ഷ പാര്‍ട്ടി എന്ന ഇമേജ് സൃഷ്ടിച്ചാല്‍, കോണ്‍ഗ്രസ്സിന്റെ വോട്ട് ബാങ്കില്‍ വിള്ളലുണ്ടാക്കാമെന്ന കണക്ക് കൂട്ടലും, ബി.ജെ.പി നേതൃത്വത്തിനുണ്ട്.

അതേസമയം, ഇത്തവണയും ഭരണം ലഭിച്ചില്ലങ്കില്‍, ഒരു വിഭാഗം ബി.ജെ.പിയിലേക്ക് പോകുമെന്ന ആശങ്കയിലാണ് കോണ്‍ഗ്രസ്സ് നേതൃത്വം. പൗരത്വ വിഷയത്തോടെ, മുസ്ലീം ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കിടയിലും സി.പി.എമ്മിന്റെ സ്വാധീനം വര്‍ധിച്ചതും, കോണ്‍ഗ്രസ്സിന്റെ ചങ്കിടിപ്പിക്കുന്ന കാര്യമാണ്.

Top