സ്വര്‍ണ്ണക്കടത്ത് കേസ് ;കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്ന് ഹൈക്കോടതിയില്‍ ഹര്‍ജി

കൊച്ചി : നയതന്ത്ര ബാഗ് ഉപയോഗിച്ചുള്ള സ്വര്‍ണ്ണക്കടത്ത് അന്വേഷണം സിബിഐ, എന്‍ഐഎ, റവന്യൂ കസ്റ്റംസ് തുടങ്ങിയ വിഭാഗങ്ങള്‍ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി.കേസന്വേഷണം വൈകുന്ന ഓരോ നിമിഷവും കേസിന്റെ നിര്‍ണായക തെളിവുകള്‍ നഷ്ടപ്പെടുന്നതിന് ഇടയാക്കുമെന്നും അടിയന്തര ഇടപെടല്‍ വേണമെന്നും ആവശ്യപ്പെട്ടാണ് ഹര്‍ജി. അഭിഭാഷകന്‍ മാത്യു ജെ. നെടുമ്പാറ വഴിയാണ് ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്.

മുഖ്യമന്ത്രിയും എം. ശിവശങ്കരന്‍ തുടങ്ങിയവര്‍ ഉള്‍പ്പെട്ട ഇടപാടുകളായ സ്പ്രിന്‍ക്ലര്‍, ബവ്ക്യൂ ആപ്, ഇമൊബിലിറ്റി കണ്‍സള്‍ട്ടന്‍സി തുടങ്ങിയവയിലെ തട്ടിപ്പുകളും അന്വേഷിക്കണമെന്നും ഹര്‍ജിയില്‍ പറയുന്നു.

ഈ ഇടപാടുകള്‍ ദേശീയ സുരക്ഷയ്ക്ക് പോലും ഭീഷണി ഉയര്‍ത്തുന്ന സാഹചര്യത്തിലാണ് കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം വേണമെന്ന ആവശ്യം കോടതിയില്‍ ഉയര്‍ത്തിയിരിക്കുന്നത്.

Top