സ്വര്‍ണ്ണക്കടത്ത് കേസ്; മുഖ്യമന്ത്രിയെയും ചോദ്യം ചെയ്യേണ്ടി വരുമെന്ന് പി.സി തോമസ്

തിരുവനന്തപുരം: വിദേശത്ത് നിന്ന് ഡിപ്ലോമാറ്റിക് ചാനല്‍ വഴി സ്വര്‍ണം കടത്താന്‍ കടത്താന്‍ ശ്രമിച്ച കേസില്‍ മുഖ്യമന്ത്രിയേയും ചോദ്യം ചെയ്യേണ്ടി വരുമെന്ന് കേരള കോണ്‍ഗ്രസ് ചെയര്‍മാനും എന്‍ ഡി എ ദേശീയ സമിതി അംഗവുമായ പി.സി തോമസ്. നിശാ ഡാന്‍സ് ഉദ്ഘാടനം ചെയ്യുന്ന മന്ത്രിയും, ഇതുപോലത്തെ കാര്യങ്ങള്‍ക്ക് ഇടപെടുന്ന ഓഫീസിന്റെ അധിപന്‍ മുഖ്യമന്ത്രിയും കേരളത്തിന് ഏറെ അപമാനകരമാണെന്നും പിസി തോമസ് പറഞ്ഞു.

സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ച ആളെ വിട്ടയക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് സമ്മര്‍ദ്ദം ഉണ്ടായിരുന്നു എന്ന്, ഇന്നലെ തന്നെ വാര്‍ത്തയായിരുന്നു. ഇനിയും പല സമ്മര്‍ദ്ദങ്ങള്‍ കൂടുതലായി വരും എന്നുള്ളതിന് സംശയം ഇല്ല. ഡിപ്ലോമാറ്റിക് ചാനല്‍ വഴി ഇതിനുമുമ്പും സ്വര്‍ണക്കള്ളക്കടത്ത് നടത്തി എന്നും ഏതാണ്ട് വ്യക്തമായിരിക്കുന്നു.

ഡിപ്ലോമാറ്റിക് ചാനല്‍ എന്ന് പറയുന്നത് വി.ഐ.പി. മാര്‍ക്ക് മാത്രം ഉള്ള വഴിയാണ്. ഏത് വി.ഐ.പി യുടെ പേരാണ് സ്വര്‍ണവുമായി യാത്ര ചെയ്തയാള്‍ ഉപയോഗിച്ചത് എന്നുള്ളതും വ്യക്തമാകണം. മുഖ്യമന്ത്രിയുടെ ഓഫീസിലെ വിഐപി ആരാണെന്ന് എല്ലാവര്‍ക്കുമറിയാം. സ്വര്‍ണം കൊണ്ടു വന്ന ആള്‍ ഏജന്റ് മാത്രമാണെന്നും, 15 ലക്ഷം രൂപ കമ്മീഷന്‍ ആയിരുന്നു എന്നും അറിയുമ്പോള്‍ കേരളത്തിന് നാണക്കേട് കൂടുകയാണ്. ഇത് എത്രാമത്തെ പ്രാവശ്യം നടന്ന കള്ളക്കടത്ത് ആയിരിക്കണം- പിസി തോമസ് ചോദിച്ചു.

കേസിലുള്‍പ്പെട്ടവരായി പറയപ്പെടുന്ന ആളുകള്‍ ആരാണെന്ന് വ്യക്തമായതു സംബന്ധിച്ച് കൂടുതല്‍ ചോദ്യം ചെയ്യല്‍ നടക്കുമ്പോള്‍ മുഖ്യമന്ത്രിയെ ചോദ്യം ചെയ്യാതിരിക്കാന്‍ പറ്റില്ല . അതു നിയമപരമായി നടന്നിരിക്കണം. അദ്ദേഹത്തിന്റെ ഓഫീസില്‍ നിന്നും പ്രതിക്കുവേണ്ടി ആരാണ് ഫോണ്‍ ചെയ്തത് എന്നും ,എന്താണ് പറഞ്ഞത് എന്നും, എന്തിനാണ് ഫോണ്‍ ചെയ്തത് എന്നും , ആരോടാണ് പറഞ്ഞത് എന്നും ഉള്ള കാര്യങ്ങളൊക്കെ ഇനി പുറത്തു വരേണ്ടതായിട്ടുണ്ട്. ഇപ്പോഴുള്ള അന്വേഷണത്തിന് പരിമിതികള്‍ പലതും കാണും.എത്രമാത്രം നല്ല രീതിയില്‍ അന്വേഷണം മുന്നോട്ടു കൊണ്ടു പോകാന്‍ പറ്റും എന്നുള്ളത് ആശങ്ക ഉളവാക്കുന്ന കാര്യമാണ്. കാര്യങ്ങള്‍ മുഖ്യമന്ത്രി തന്നെ ജനങ്ങളുടെ മുമ്പില്‍ വ്യക്തമാക്കി കൊടുക്കുന്നത് നന്നായിരിക്കുമെന്നും പി.സി തോമസ് പറഞ്ഞു.

Top