തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ഒരാള്‍ കൂടി കസ്റ്റഡിയില്‍

കൊച്ചി: തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ഒരാളെ കൂടി കസ്റ്റംസ് അറസ്റ്റ് ചെയ്തു. സ്വര്‍ണക്കടത്ത് കേസിലെ ഇടനിലക്കാരില്‍ ഒരാളെയാണ് അറസ്റ്റ് ചെയ്തത് എന്നാണ് സൂചന. ഇയാളെ കൊച്ചിയിലെ കസ്റ്റംസ് ഓഫീസിലെത്തിച്ചു. കേസുമായി ബന്ധപ്പെട്ട് അഞ്ചാമത്തെ ആളാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ കസ്റ്റഡിയിലായിരിക്കുന്നത്.

സ്വര്‍ണക്കടത്ത് ശൃംഖലയിലെ മുഖ്യകണ്ണികളിലൊരാളായ മലപ്പുറം പെരിന്തല്‍മണ്ണ വെട്ടത്തൂര്‍ സ്വദേശിയായ റമീസിനെ ഞായറാഴ്ച പുലര്‍ച്ചെ വീട്ടില്‍നിന്ന് കസ്റ്റഡിയിലെടുത്തിരുന്നു. റമീസിനെ രാവിലെ കൊച്ചിയിലെ കസ്റ്റംസ് ഓഫീസിലെത്തിച്ച് ചോദ്യംചെയ്യല്‍ ആരംഭിച്ചിരുന്നു.

റമീസിന്റെ മൊഴി കേസില്‍ നിര്‍ണായകമാണെന്നാണ് കസ്റ്റംസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന. റമീസിന്റെ മൊഴിയനുസരിച്ച് കൂടുതല്‍ പേര്‍ കേസില്‍ പിടിയിലായേക്കുമെന്നും കസ്റ്റംസിലെ ഉന്നതവൃത്തങ്ങള്‍ പറഞ്ഞു. കേരളത്തിലെത്തുന്ന സ്വര്‍ണം വിതരണം ചെയ്യുന്നതില്‍ മുഖ്യപങ്കാളിയാണ് റമീസെന്നാണ് വിവരം. സ്വര്‍ണക്കടത്തില്‍ ഇയാള്‍ക്ക് സാമ്പത്തിക നിക്ഷേപവുമുണ്ട്.

അതേസമയം, കേസിലെ രണ്ടും നാലും പ്രതികളായ സ്വപ്ന സുരേഷിനേയും സന്ദീപ് നായരേയും എന്‍ഐഎ ആസ്ഥാനത്തെത്തിച്ചു.

Top