സ്വര്‍ണക്കടത്തിനായി പ്രതികള്‍ ഉപയോഗിച്ചത് യു.എ.ഇയുടെ വ്യാജമുദ്രയും സ്റ്റിക്കറുമെന്ന് എന്‍.ഐ.എ

കൊച്ചി: തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസില്‍ പ്രതികള്‍ വ്യാജരേഖ നിര്‍മിച്ചു എന്ന് എന്‍ഐഎ. സ്വര്‍ണക്കടത്തിനായി പ്രതികള്‍ ഉപയോഗിച്ചത് യു.എ.ഇയുടെ വ്യാജമുദ്രയും സ്റ്റിക്കറുമാണെന്നും ഫൈസല്‍ ഫരീദാണ് വ്യാജ രേഖകള്‍ ചമച്ചതെന്നും ബാഗേജിന് നയതന്ത്ര പരിരക്ഷ ഉറപ്പുവരുത്താനായിരുന്നു ഇതെന്നും എന്‍.ഐ.എ. സംഘം കോടതിയെ അറിയിച്ചു.

അതിനിടെ, എന്‍.ഐ.എയുടെ കസ്റ്റഡി അപേക്ഷ പരിഗണിച്ച പ്രത്യേക കോടതി സ്വപ്നയെയും സന്ദീപിനെയും ജൂലായ് 21 വരെ കസ്റ്റഡിയില്‍ വിട്ടു. സ്വര്‍ണം കടത്തിയ ബാഗേജ് തങ്ങളുടെ നയതന്ത്ര ബാഗേജ് അല്ലെന്ന് യു.എ.ഇ. നേരത്തെ വ്യക്തമാക്കിയിരുന്നു. ഇത് ശരിവെയ്ക്കുന്നതാണ് എന്‍.ഐ.എ. തിങ്കളാഴ്ച കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടിലെ ഉള്ളടക്കം. കേരളത്തിലെത്തിക്കുന്ന സ്വര്‍ണം ആഭരണനിര്‍മാണത്തിനല്ല, തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കാണ് ഉപയോഗിക്കുന്നതെന്നും എന്‍.ഐ.എ. കോടതിയെ അറിയിച്ചു.

Top