സ്വർണക്കടത്തു കേസ്; കൂടുതൽ വിവരങ്ങൾ ഇനിയും പുറത്തു വരാനുണ്ടെന്നു സ്വപ്ന സുരേഷ്

കൊച്ചി: നയതന്ത്ര പാഴ്സൽ സ്വർണക്കടത്തു കേസിൽ കൂടുതൽ വിവരങ്ങൾ ഇനിയും പുറത്തു വരാനുണ്ടെന്നു കേസിലെ രണ്ടാം പ്രതി സ്വപ്ന സുരേഷ്. കേന്ദ്ര അന്വേഷണ ഏജൻസികൾക്കു വിശദമായി മൊഴി നൽകിയിട്ടും പല കാര്യങ്ങളും വേണ്ടവിധം അന്വേഷിച്ചിട്ടില്ലെന്നു സ്വപ്ന കുറ്റപ്പെടുത്തി. മജിസ്ട്രേട്ട് മുൻപാകെ ഇന്നലെ രഹസ്യമൊഴി നൽകിയെങ്കിലും പൂർത്തിയാകാത്തതിനെ തുടർന്ന് ഇന്നും രേഖപ്പെടുത്തും. മൊഴി നൽകിയ ശേഷം ഇന്നു കൂടുതൽ വിവരങ്ങൾ പൊതുസമൂഹത്തിനു മുന്നിൽ വെളിപ്പെടുത്തുമെന്നും സ്വപ്ന പറഞ്ഞു.

ജുഡീഷ്യൽ കസ്റ്റഡിയിലായിരുന്ന സമയത്ത് അന്വേഷണ സംഘം രേഖപ്പെടുത്തിയ മൊഴികൾ സമ്പൂർണമല്ലെന്നു ചൂണ്ടിക്കാട്ടി സ്വപ്ന വീണ്ടും മൊഴി നൽകിയിരുന്നു. ജീവനു ഭീഷണിയുള്ള സാഹചര്യത്തിലാണു കുറ്റകൃത്യത്തിൽ പങ്കുള്ളവരുടെ പൂർണ വിവരങ്ങൾ കോടതി മുൻപാകെ ബോധിപ്പിക്കാൻ തീരുമാനിച്ചതെന്നും സ്വപ്ന പറഞ്ഞു. കോഫെപോസ കരുതൽ തടങ്കൽ അവസാനിച്ചു പുറത്തിറങ്ങിയ ശേഷം കേസിലെ കൂട്ടുപ്രതിയായ എം.ശിവശങ്കറിനെതിരെ സ്വപ്ന രൂക്ഷമായ വിമർശനം നടത്തിയിരുന്നു.

Top