സ്വര്‍ണക്കടത്ത് കേസ്; സ്വപ്‌നയുടെ ലോക്കറില്‍ നിന്നും വീണ്ടും പണം കണ്ടെത്തി

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വര്‍ണ കള്ളക്കടത്ത് കേസില്‍ മുഖ്യപ്രതി സ്വപ്ന സുരേഷിന്റെ പക്കല്‍ നിന്ന് 45 ലക്ഷം രൂപ കൂടി കണ്ടെടുത്തതായി വിവരം. തലസ്ഥാനത്തെ എസ്ബിഐ ബാങ്ക് ലോക്കറില്‍ നിന്നാണ് സ്ഥിര നിക്ഷേപമായി സൂക്ഷിച്ച തുക കണ്ടെത്തിയത്. നേരത്തെ 1.05 കോടി രൂപ സ്വപ്നയുടെ തന്നെ മറ്റൊരു ലോക്കറില്‍ നിന്ന് കണ്ടെടുത്തിരുന്നു.

സ്വപ്നയുടെ പേരിലുള്ള ഫിക്‌സസ് ഡിപ്പോസിറ്റ് മരവിപ്പിക്കാനും ബാങ്കുകള്‍ക്ക് കസ്റ്റംസ് നിര്‍ദേശം നല്‍കി. കേസില്‍ മുന്‍ ഐടി സെക്രട്ടറി ശിവശങ്കറിനെ ഇന്ന് കസ്റ്റംസ് ചോദ്യം ചെയ്യും. സ്വപ്ന കടുത്ത സാമ്പത്തിക പ്രതിസന്ധിയിലെന്ന് ശിവ ശങ്കര്‍ മൊഴി നല്‍കിയിരുന്നു. ഇടക്കാലത്ത് താനും സഹായിച്ചിട്ടുണ്ടെന്നാണ് ഇദ്ദേഹം പറഞ്ഞത്.

ലോക്കറില്‍ കോടികള്‍ സൂക്ഷിച്ചിരുന്ന സ്വപ്ന, എന്തിനാണ് ശിവ ശങ്കറില്‍ നിന്ന് പണം കൈപ്പറ്റിയതെന്നും എന്‍ഐഎ പരിശോധിക്കുന്നുണ്ട്. ചോദ്യം ചെയ്യലിനായി കൊച്ചിയിലെ എന്‍ഐഎ ഓഫീസില്‍ രാവിലെ പത്തരയോടെ ഹാജരാകാനാണ് ശിവശങ്കറിന് നിര്‍ദ്ദേശം നല്‍കിയത്. പുലര്‍ച്ചെ നാലരയോടെ പൂജപ്പുരയിലെ വീട്ടില്‍ നിന്നും ഇദ്ദേഹം കൊച്ചിയിലേക്ക് പുറപ്പെട്ടു.

കേസില്‍ സംസ്ഥാന സര്‍ക്കാര്‍ കടുത്ത സമ്മര്‍ദ്ദത്തിലായിരിക്കെയാണ് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി വീണ്ടും എന്‍ഐഎ ചോദ്യം ചെയ്യലിന് ഹാജരാകുന്നത്. ഇതാദ്യമായാണ് സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസിലുണ്ടായിരുന്ന ഒരു ഉന്നത ഉദ്യോഗസ്ഥന്‍ നിരന്തരം ചോദ്യം ചെയ്യലിന് ഹാജരാകേണ്ടിവരുന്നത്.

Top