സ്വര്‍ണക്കടത്ത് കേസ്; എം ശിവശങ്കര്‍ മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കുന്നതായി സൂചന

തിരുവനന്തപുരം: വിമാനത്താവളം വഴി സ്വര്‍ണം കടത്തിയ കേസുമായി ബന്ധപ്പെട്ട് ആരോപണവിധേയനായ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ മുന്‍കൂര്‍ ജാമ്യത്തിനായി ശ്രമിക്കുന്നുണ്ടെന്ന് സൂചന. പ്രതികളായ സ്വപ്ന സുരേഷും സരിത്തുമായി തനിക്ക് വ്യക്തിപരമായ സൗഹൃദം മാത്രമാണുള്ളതെന്ന് എം ശിവശങ്കര്‍ എന്‍ഐഎയോടും ആവര്‍ത്തിച്ച് പറഞ്ഞിരുന്നു.

തിരുവനന്തപുരം പേരൂര്‍ക്കടയിലെ പൊലീസ് ക്ലബ്ബില്‍ വച്ച് നടത്തിയ ചോദ്യം ചെയ്യലിലായിരുന്നു ശിവശങ്കറിന്റെ മൊഴി. ഈ സാഹചര്യത്തിലാണ് കേസില്‍ മുന്‍കൂര്‍ ജാമ്യഹര്‍ജി നല്‍കാനുള്ള നീക്കം എം ശിവശങ്കര്‍ തുടങ്ങിയിരിക്കുന്നത്. കൊച്ചിയിലെ ഒരു മുതിര്‍ന്ന അഭിഭാഷകനുമായി മുന്‍കൂര്‍ ജാമ്യവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ശിവശങ്കര്‍ സംസാരിച്ചെന്നാണ് സൂചന.

ഇതിന്റെ അടിസ്ഥാനത്തില്‍ കസ്റ്റംസ് നേരിട്ടെത്തി എന്‍ഐഎ കസ്റ്റഡിയിലായിരുന്ന സ്വപ്ന സുരേഷിനെയും സന്ദീപ് നായരെയും കൊച്ചിയില്‍ വച്ച് ചോദ്യം ചെയ്തിരുന്നു. സ്വപ്നയും സന്ദീപും നല്‍കിയ മൊഴികളുടെ അടിസ്ഥാനത്തിലാണ് തിങ്കളാഴ്ച വീണ്ടും എം ശിവശങ്കറിനെ ചോദ്യം ചെയ്യുക.

കഴിഞ്ഞ 12 ദിവസത്തെ സെക്രട്ടേറിയറ്റിലെ സിസിടിവി ദൃശ്യങ്ങള്‍ നല്‍കണമെന്ന് എന്‍ഐഎ ചീഫ് സെക്രട്ടറിയോട് കത്ത് മൂലം ആവശ്യപ്പെട്ടിട്ടുണ്ട്. ഇതനുസരിച്ച് ദൃശ്യങ്ങള്‍ നല്‍കാമെന്ന് പൊതുഭരണവകുപ്പിന് കീഴിലെ ഹൗസ് കീപ്പിംഗ് വിഭാഗത്തിന്റെ ചുമതലയുള്ള അഡീഷണല്‍ സെക്രട്ടറി അറിയിച്ചിട്ടുമുണ്ട്.

അതേസമയം, വിമാനത്താവളം വഴി സ്വര്‍ണം കടത്താന്‍ പ്രതികള്‍ 11 ഇടങ്ങളില്‍ ഒത്തുകൂടി പല തവണയായി പദ്ധതി തയ്യാറാക്കിയെന്ന് എന്‍ഐഎ വെളിപ്പെടുത്തുന്നു. കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടിലാണ് ഈ വെളിപ്പെടുത്തലുള്ളത്. പ്രതികള്‍ ഒത്തുകൂടിയതിന്റെ ദൃശ്യങ്ങള്‍ ലഭിച്ചതായും ഇത് പരിശോധിച്ചു വരികയാണെന്നും കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ എന്‍ഐഎ പറയുന്നു.

Top