സ്വര്‍ണക്കടത്ത് കേസ്; സി.എം രവീന്ദ്രന് ഇഡി നോട്ടീസ് നല്‍കും

കൊച്ചി: മുഖ്യമന്ത്രിയുടെ അഡിഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രന് ഡിസംബര്‍ നാലാം തീയതി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഓഫീസില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ട് നോട്ടീസ് നല്‍കും. തിങ്കളാഴ്ച ആയിരിക്കും ഇതുസംബന്ധിച്ചുള്ള നോട്ടീസ് കൈമാറുക.

അതേസമയം, സ്വര്‍ണകള്ളക്കടത്തുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിനായി വെള്ളിയാഴ്ച ഇ.ഡിക്ക് മുന്നില്‍ ഹാജരാകാന്‍ ബുധനാഴ്ച നോട്ടീസ് നല്‍കിയതിന് പിന്നാലെയാണ് സി.എം.രവീന്ദ്രന്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിച്ചത്. കൊവിഡാന്തര പ്രശ്നങ്ങള്‍ മൂലം ശ്വാസതടസം ഉണ്ടാകുന്നുവെന്നാണ് രവീന്ദ്രന്‍ ഡോക്ടര്‍മാരെ അറിയിച്ചത്.

പരിശോധനയില്‍ രക്തത്തിലെ ഓക്സിജന്റെ അളവില്‍ ചെറിയ വ്യതിയാനം കണ്ടെത്തിയെന്നും ഇതിന്റെ ചികിത്സയ്ക്കായി സ്റ്റിറോയ്ഡ് നല്‍കിയാല്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുമെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കിയിരുന്നു. ചികിത്സ തുടങ്ങണമെങ്കില്‍ എക്സ്റേ, സിടി സ്‌കാനിങ് അടക്കം വിദഗ്ധ പരിശോധനകള്‍ നടത്തണം. അതിനാല്‍ താല്‍കാലികമായി കിടത്തി ചികിത്സിക്കേണ്ടി വരുമെന്ന് ഡോക്ടര്‍മാര്‍ ഇഡിയെ അറിയിച്ചിരുന്നു.

Top