സ്വര്‍ണക്കടത്തുകേസ്; പ്രാഥമിക കുറ്റപത്രം സമര്‍പ്പിച്ച് ഇഡി

തിരുവനന്തപുരം: നയതന്ത്ര സ്വര്‍ണക്കടത്ത് കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് പ്രാഥമിക കുറ്റപത്രം സമര്‍പ്പിച്ചു. സ്വപ്ന സുരേഷ്, സന്ദീപ് നായര്‍, സരിത് എന്നിവര്‍ക്കെതിരെ അഡീഷന്‍സ് ജില്ലാ സെഷന്‍സ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.

ഡിജിറ്റില്‍ തെളിവുകള്‍ ലഭിച്ച ശേഷം അന്തിമ കുറ്റപത്രം സമര്‍പ്പിക്കുമെന്നും ഇഡി അറിയിച്ചു. അതേസമയം കസ്റ്റംസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ സ്വപ്ന സുരേഷിന് എറണാകുളം എസിജെഎം കോടതി ജാമ്യം അനുവദിച്ചിരുന്നു. 60 ദിവസം പൂര്‍ത്തിയായിട്ടും കുറ്റപത്രം നല്‍കാത്തതിനെത്തുടര്‍ന്നാണു ജാമ്യം നല്‍കിയത്. എന്നാല്‍, മറ്റ് കേസുകളിലും ജാമ്യം ലഭിച്ചാല്‍ മാത്രമേ പുറത്തിറങ്ങാനാവൂ.

നയതന്ത്ര ചാനല്‍ വഴി സ്വര്‍ണം കടത്തിയ കേസില്‍ ആരോപിക്കുന്ന കുറ്റങ്ങള്‍ക്കു തെളിവില്ലെങ്കില്‍ പ്രതികള്‍ക്ക് ജാമ്യം നല്‍കേണ്ടിവരുമെന്നു കൊച്ചിയിലെ എന്‍ഐഎ പ്രത്യേക കോടതി വാക്കാല്‍ അഭിപ്രായപ്പെട്ടിരുന്നു. എന്‍ഐഎ രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കവെയാണു കോടതിയുടെ അഭിപ്രായ പ്രകടനം.

എഫ്ഐആറില്‍ പറയുന്ന കുറ്റങ്ങള്‍ക്കു തെളിവുകള്‍ അടിയന്തരമായി ഹാജരാക്കണമെന്നും കേസ് ഡയറിയില്‍ ഇതു വ്യക്തമായി മാര്‍ക്ക് ചെയ്തു നല്‍കണമെന്നും കോടതി എന്‍ഐഎയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

യുഎപിഎ വകുപ്പുകള്‍ ചുമത്തപ്പെട്ട സ്വര്‍ണക്കടത്ത് കേസില്‍ നേരിട്ടു പങ്കെടുത്തവര്‍, ഗൂഢാലോചന നടത്തിയവര്‍, സ്വര്‍ണക്കടത്തിനു പണം നിക്ഷേപിച്ചവര്‍ എന്നിവരുടെ പട്ടിക തിരിച്ചു കോടതിയില്‍ സമര്‍പ്പിക്കണം.

Top