സ്വര്‍ണക്കടത്തുകേസ്; കോണ്‍സല്‍ ജനറലിന് മന്ത്രിമാരുമായി വഴിവിട്ട ബന്ധമെന്ന് കസ്റ്റംസ്

തിരുവനന്തപുരം: നയതന്ത്ര സ്വര്‍ണ്ണക്കടത്ത് കേസില്‍ സരിത്തിനേയും സ്വപ്നയേയും കരുക്കളാക്കി യു.എ.ഇ. കോണ്‍സല്‍ ജനറല്‍ സംസ്ഥാനത്തെ മന്ത്രിമാരുമായും ഉന്നത ഉദ്യോഗസ്ഥരുമായി വഴിവിട്ട ബന്ധം സ്ഥാപിച്ചുവെന്ന് കസ്റ്റംസ്. കോണ്‍സല്‍ ജനറല്‍ ജമാല്‍ ഹുസൈന്‍ അല്‍ സാബി, അറ്റാഷെ റാഷിദ് ഖാമിസ്, ചീഫ് അക്കൗണ്ടന്റ് ഖാലിദ് എന്നീ പ്രതികള്‍ക്ക് കസ്റ്റംസ് നല്‍കിയ ഷോക്കോസ് നോട്ടീസിലാണ് ഗുരുതരമായ കാര്യങ്ങള്‍ വെളിപ്പെടുത്തുന്നത്.

സംസ്ഥാന സര്‍ക്കാരിന്റെ പ്രോട്ടോക്കോള്‍ നിയമങ്ങളും വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രോട്ടോക്കോള്‍ നിയമങ്ങളും കാറ്റില്‍ പറത്തിയാണ് ഇവര്‍ കേരളത്തില്‍ പ്രവര്‍ത്തിച്ചത്. മുഖ്യമന്ത്രിയുടെ ഓഫീസില്‍ പോലും യോഗങ്ങള്‍ നടന്നു. ചില മന്ത്രിമാരും ഇവരുടെ വലയില്‍ വീണതായുള്ള സൂചനയും കസ്റ്റംസിന്റെ നോട്ടീസിലുണ്ട്. മൂന്ന് പേരെയും പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയ വ്യക്തമായ കാരണങ്ങള്‍ ചൂണ്ടിക്കാണിച്ച് 260 പേജുള്ള ഷോക്കോസ് നോട്ടീസാണ് കസ്റ്റംസ് പ്രതികള്‍ക്ക് അയച്ചത്.

സുരക്ഷാ ഭീഷണി ഇല്ലാതിരുന്നിട്ടും പ്രോട്ടോക്കോള്‍ ഓഫീസിനെ മറികടന്ന് സംസ്ഥാന സര്‍ക്കാര്‍ വൈ കാറ്റഗറി സുരക്ഷ കോണ്‍സല്‍ ജനറലിന് നല്‍കി. ഇത് പലഘട്ടങ്ങളിലും അദ്ദേഹം നിയമവിരുദ്ധമായ കാര്യങ്ങള്‍ക്ക് ദുരുപയോഗം ചെയ്തുവെന്നും കസ്റ്റംസ് നോട്ടീസില്‍ പറയുന്നു.

വിയറ്റ്നാമില്‍ കോണ്‍സല്‍ ജനറലായി ജോലി ചെയ്യുമ്പോള്‍ അവിടെയും ഇവര്‍ കള്ളക്കടത്ത് നടത്തിയിരുന്നു. യു.എ.ഇയില്‍ നിന്ന് നിരോധിത മരുന്ന്, സിഗരറ്റ് അടക്കമുള്ളവ വിയറ്റ്നാമിലേക്ക് കടത്തി ഇന്‍സ്റ്റാഗ്രമിലൂടെ കോണ്‍സല്‍ ജനറലും കൂട്ടരും വില്‍പന നടത്തി. ഇതിനുള്ള ശിക്ഷാനടപടിയുടെ ഭാഗമായി സ്ഥലംമാറ്റം ലഭിച്ചാണ് കോണ്‍സല്‍ ജനറല്‍ അടക്കമുള്ള ഉദ്യോഗസ്ഥര്‍ കേരളത്തിലേക്കെത്തിയതെന്നും നോട്ടീസില്‍ പരാമര്‍ശമുണ്ട്.

സരിത്തിനേയും സന്ദീപിനേയും ഉപയോഗിച്ച് കേരളത്തില്‍ കള്ളക്കടത്ത് നടത്താനും സംഘം പദ്ധതിയിട്ടിരുന്നു. പിന്നീട് സ്വപ്ന, റമീസ് എന്നിവരിലൂടെ സ്വര്‍ണ്ണക്കടത്തിലേക്ക് തിരിഞ്ഞു. കേരളത്തില്‍ നിന്ന് കള്ളക്കടത്തിലൂടെ ലഭിക്കുന്ന പ്രതിഫലത്തില്‍ കള്ളനോട്ടുണ്ടോ എന്ന് തിരിച്ചറിയാനായി കോണ്‍സല്‍ ജനറലിന്റെ നിര്‍ദേശപ്രകാരം സരിത്ത് നോട്ടെണ്ണല്‍ യന്ത്രം വാങ്ങി നല്‍കിയെന്നും നോട്ടീസില്‍ പറയുന്നു.

 

Top