സ്വര്‍ണ്ണക്കടത്ത് കേസ്; ഹരിരാജിന് പങ്കുള്ളതായി വിവരം ലഭിച്ചില്ലെന്ന് കസ്റ്റംസ്

തിരുവനന്തപുരം: കസ്റ്റംസ് ക്ലിയറിംഗ് ഏജന്റ്സ് അസോസിയേഷന്‍ പ്രസിഡന്റ് ഹരിരാജിന് സ്വര്‍ണക്കള്ളക്കടത്തില്‍ പങ്കുള്ളതായി തെളിവ് ലഭിച്ചിട്ടില്ലെന്ന് കസ്റ്റംസ്. ഇന്നലെ പകല്‍ മുഴുവന്‍ കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ വച്ച് ഹരിരാജിനെ ചോദ്യം ചെയ്തിരുന്നു.

സ്വര്‍ണം അടങ്ങിയ ബാഗ് വിട്ടുകൊടുക്കാന്‍ ആവശ്യപ്പെട്ട് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക് വാട്സ് അപ്പില്‍ സന്ദേശം അയച്ചത് കണക്കിലെടുത്താണ് ഹരിരാജിനെ വിളിച്ചു വരുത്തി ചോദ്യം ചെയ്തത്.

അടിയന്തര ബാഗ് ആണെന്നും പിടിച്ചുവെക്കാന്‍ കസ്റ്റംസിന് അധികാരമില്ലെന്നുമായിരുന്നു സന്ദേശം. അതേസമയം, കേസിലെ പ്രധാന പ്രതി സരിതിനെ കസ്റ്റഡിയില്‍ ചോദ്യംചെയ്യുന്നത് ഇന്നും തുടരും. സരിതിനെ ഏഴ് ദിവസത്തെ കസ്റ്റംസ് കസ്റ്റഡിയില്‍ കോടതി കഴിഞ്ഞ ദിവസം വിട്ടുകൊടുത്തിരുന്നു. ഡിപ്ലോമാറ്റിക്ക് ബാഗേജിലല്ല, വ്യക്തിപരമായ കാര്‍ഗോയിലാണ് സ്വര്‍ണം വന്നതെന്ന് യുഎഇ നേരത്തെ വിശദീകരിച്ചിരുന്നു.

സ്വര്‍ണക്കള്ളകടത്ത് കേസിലെ രാജ്യസുരക്ഷ സംബന്ധിച്ച എന്‍ഐഎഅന്വേഷണം ആരംഭിച്ചു. ഇതുവരെ കസ്റ്റംസ് സ്ഥിരീകരിക്കാത്ത ഫാസില്‍ ഫരീദ് ഉള്‍പ്പെടെ നാല് പേരെ പ്രതി ചേര്‍ത്താണ് പ്രഥമ വിവര റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്.

Top