സ്വര്‍ണക്കടത്ത് കേസ്; ഫാസിലിനെ കസ്റ്റംസ് ഫോണില്‍ വിളിച്ച് മൊഴിയെടുത്തു

ദുബായ്: സ്വര്‍ണക്കടത്ത് കേസിലെ മൂന്നാംപ്രതിയായ ഫാസില്‍ ഫരീദില്‍നിന്ന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ വിവരങ്ങള്‍ തേടി. ദുബായിലുള്ള ഫാസിലിനെ നേരിട്ട് വിളിച്ച് കിട്ടാത്തതിനാല്‍ സുഹൃത്തിന്റെ ഫോണ്‍ വഴിയാണ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ബന്ധപ്പെട്ടത്. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കൂടുതല്‍ വിശദാംശങ്ങള്‍ ഇയാളില്‍നിന്ന് കസ്റ്റംസ് ചോദിച്ചറിഞ്ഞതായാണ് സൂചന. എന്നാല്‍ കസ്റ്റംസിന്റെ ചോദ്യങ്ങളില്‍ പലതിനും കൃത്യമായ ഉത്തരങ്ങള്‍ നല്‍കാതെ ഫാസില്‍ ഒഴിഞ്ഞുമാറിയെന്നാണ് വിവരം. തിരുവനന്തപുരത്തേക്ക് സ്വര്‍ണം അയച്ചത് ഫാസിലാണെന്ന് നേരത്തെ തന്നെ കസ്റ്റംസ് കണ്ടെത്തിയിരുന്നു.

അതേസമയം ഫാസില്‍ ഫരീദിനെ ഇന്ത്യയിലേക്ക് കൈമാറാന്‍ യുഎഇയോട് ആവശ്യപ്പെട്ടേക്കുമെന്നും സൂചനയുണ്ട്. ഇതിനുള്ള നടപടിക്രമങ്ങള്‍ ഉടന്‍ ഉണ്ടായേക്കും. ഫാസില്‍ നേരത്തെയും ഗള്‍ഫില്‍ നിന്ന് കേരളത്തിലേക്ക് സ്വര്‍ണ്ണം കടത്തിയതായാണ് വിവരം. സ്വര്‍ണ്ണക്കടത്തിലൂടെ ലഭിക്കുന്ന ഭീമമായ തുക ദേശ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കുന്നുവെന്ന് രഹസ്യാന്വേഷണ ഏജന്‍സികള്‍ വഴി എന്‍ഐഎക്ക് വിവരം ലഭിച്ചുവെന്നാണ് സൂചന.

സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ഒരാളെ കൂടി കസ്റ്റംസ് അറസ്റ്റ് ചെയ്തു. സ്വര്‍ണക്കടത്ത് കേസിലെ ഇടനിലക്കാരില്‍ ഒരാളെയാണ് അറസ്റ്റ് ചെയ്തത് എന്നാണ് സൂചന. ഇയാളെ കൊച്ചിയിലെ കസ്റ്റംസ് ഓഫീസിലെത്തിച്ചു. കേസുമായി ബന്ധപ്പെട്ട് അഞ്ചാമത്തെ ആളാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ കസ്റ്റഡിയിലായിരിക്കുന്നത്.

സ്വര്‍ണക്കടത്ത് ശൃംഖലയിലെ മുഖ്യകണ്ണികളിലൊരാളായ മലപ്പുറം പെരിന്തല്‍മണ്ണ വെട്ടത്തൂര്‍ സ്വദേശിയായ റമീസിനെ ഞായറാഴ്ച പുലര്‍ച്ചെ വീട്ടില്‍നിന്ന് കസ്റ്റഡിയിലെടുത്തിരുന്നു. റമീസിനെ രാവിലെ കൊച്ചിയിലെ കസ്റ്റംസ് ഓഫീസിലെത്തിച്ച് ചോദ്യംചെയ്യല്‍ ആരംഭിച്ചിരുന്നു.

റമീസിന്റെ മൊഴി കേസില്‍ നിര്‍ണായകമാണെന്നാണ് കസ്റ്റംസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന. റമീസിന്റെ മൊഴിയനുസരിച്ച് കൂടുതല്‍ പേര്‍ കേസില്‍ പിടിയിലായേക്കുമെന്നും കസ്റ്റംസിലെ ഉന്നതവൃത്തങ്ങള്‍ പറഞ്ഞു. കേരളത്തിലെത്തുന്ന സ്വര്‍ണം വിതരണം ചെയ്യുന്നതില്‍ മുഖ്യപങ്കാളിയാണ് റമീസെന്നാണ് വിവരം. സ്വര്‍ണക്കടത്തില്‍ ഇയാള്‍ക്ക് സാമ്പത്തിക നിക്ഷേപവുമുണ്ട്.

അതേസമയം, കേസിലെ രണ്ടും നാലും പ്രതികളായ സ്വപ്ന സുരേഷിനേയും സന്ദീപ് നായരേയും എന്‍ഐഎ ആസ്ഥാനത്തെത്തിച്ചു.

Top