സ്വര്‍ണക്കടത്ത് ; ഡിവൈഎസ്പി സി. രാധാകൃഷണ പിള്ളയുടെ നേതൃത്വത്തിലുള്ള എന്‍ഐഎ സംഘം അന്വേഷിക്കും

കൊച്ചി: തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസ് ഡിവൈഎസ്പി സി. രാധാകൃഷണ പിള്ളയുടെ നേതൃത്വത്തിലുള്ള എന്‍ഐഎ സംഘം അന്വേഷിക്കും. എന്‍ഐഎ കൊച്ചി യൂണിറ്റ് ഡിവൈഎസ്പിയാണ് രാധാകൃഷ്ണ പിള്ള.

ഈ കേസില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നതുമായി ബന്ധപ്പെട്ട് ഇപ്പോള്‍ ചെന്നൈയിലാണ് അദ്ദേഹമുള്ളത്. കൊച്ചിയില്‍ തിരിച്ചെത്തിയ ശേഷം സ്വര്‍ണക്കടത്ത് കേസിലെ തുടര്‍നടപടി ക്രമങ്ങളിലേക്ക് കടക്കും. എന്‍ഐഎ കൊച്ചി ഓഫീസ് കേന്ദ്രീകരിച്ചാണ് കേസില്‍ അന്വേഷണം നടക്കുക.

ദേശസുരക്ഷയ്ക്ക് സംഘടിത കള്ളക്കടത്ത് ഗുരുതര പ്രത്യാഘാതം ഉണ്ടാക്കിയേക്കാമെന്ന് വിലയിരുത്തിയാണ് നേരത്തെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം കേസിന്റെ അന്വേഷണം എന്‍ഐഎയെ ഏല്‍പിച്ചത്.

അതേസമയം സ്വര്‍ണക്കടത്ത് കേസില്‍ കേരള പോലീസ് എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.ഇക്കാര്യം ആവശ്യപ്പെട്ട് ഡി.ജി.പിക്ക് ചെന്നിത്തല കത്ത് നല്‍കിയിട്ടുണ്ട്.

സ്വര്‍ണക്കടത്തിന് പിന്നില്‍ തീവ്രവാദ ബന്ധമുണ്ടോ, അതില്‍നിന്ന് ലഭിച്ച പണം തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിച്ചിട്ടുണ്ടോ എന്നതടക്കമുള്ള കാര്യങ്ങളാണ് എന്‍.ഐ.എ. അന്വേഷിക്കുന്നത്. എന്നാല്‍ അതുകൊണ്ട് മാത്രം കാര്യമില്ലെന്നാണ് ഡി.ജി.പിക്ക് അയച്ച കത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറയുന്നത്.

കേരള സര്‍ക്കാരിന്റെ ഔദ്യോഗിക മുദ്രയുള്ള വ്യാജ വിസിറ്റിംഗ് കാര്‍ഡ് ഉപയോഗിച്ചതിലും വ്യാജ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് ജോലി നേടിയതിലും അന്വേഷണം വേണം. ഇതുമാത്രമല്ല, സര്‍ക്കാരിന്റെ ഔദ്യോഗിക വാഹനങ്ങളില്‍ വിമാനത്താവളത്തില്‍നിന്ന് സ്വര്‍ണം കടത്തിയെന്ന ആക്ഷേപവും നിലനില്‍ക്കുന്നുണ്ട്. ഇത്തരം ഗുരുതരമായ ആക്ഷേപങ്ങള്‍ നിലനില്‍ക്കുന്ന കേസില്‍ എന്‍.ഐ.എ. അന്വേഷണം വേറൊരു ദിശയിലാണ് നീങ്ങുന്നത്. എന്നാല്‍ ഉയര്‍ന്നുവന്നിട്ടുള്ള ഈ ആക്ഷേപങ്ങളില്‍ സംസ്ഥാന പോലീസ് അന്വേഷണം നടത്തണമെന്നാണ് പ്രതിപക്ഷ നേതാവിന്റെ ആവശ്യം.

Top