സ്വര്‍ണക്കടത്ത് കേസ്; വിദേശത്തുള്ള മൂന്ന് പേര്‍ക്കെതിരെ ബ്ലൂകോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കും

കൊച്ചി: നയതന്ത്ര ചാനല്‍ വഴി സ്വര്‍ണം കടത്തിയ കേസില്‍ വിദേശത്തുള്ള മൂന്നു പ്രതികള്‍ക്കെതിരെ ബ്ലൂ കോര്‍ണര്‍ നോട്ടിസ് പുറപ്പെടുവിക്കാനുള്ള നടപടികളുമായി എന്‍ഐഎ. ഇപ്പോള്‍ യുഎഇയിലുള്ള റാബിന്‍സ് ഹമീദ്, സിദ്ദിഖുള്‍ അക്ബര്‍, അഹമ്മദ് കുട്ടി എന്നിവര്‍ക്കെതിരെയാണ് എന്‍ഐഎ ബ്ലൂകോര്‍ണര്‍ നോട്ടിസ് അയയ്ക്കുന്നത്. ഇതിനായി എന്‍ഐഎ ഇന്റര്‍പോളിന്റെ സഹായം തേടും. ഇതിന്റെ ഭാഗമായി പ്രതികള്‍ക്ക് ജാമ്യമില്ലാ വാറണ്ട് ഇറക്കേണ്ടതുണ്ട്.

നേരത്തെ സ്വര്‍ണക്കടത്ത് കേസിലെ പ്രതി ഫൈസല്‍ ഫരീദിന് ഇന്റര്‍പോള്‍ നോട്ടിസ് നല്‍കിയിരുന്നു. നയതന്ത്ര ബാഗേജു വഴി സ്വര്‍ണം കടത്തിക്കൊണ്ടിരുന്നതില്‍ ഇന്ത്യയിലും പുറത്തുമുള്ള കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടെന്നാണ് എന്‍ഐഎ വ്യക്തമാക്കുന്നത്. കോണ്‍സുലേറ്റ് ഉദ്യോഗസ്ഥര്‍ക്കുള്ള പങ്കും വിശദമായി അന്വേഷിക്കണം. സ്വര്‍ണക്കടത്തില്‍ ചില ഉന്നതര്‍ക്കുള്ള പങ്കും എന്‍ഐഎ അന്വേഷണ പരിധിയിലുണ്ട്. പ്രതികള്‍ ഇന്ത്യയിലും വിദേശത്തും ഗൂഢാലോചന നടത്തിയിട്ടുണ്ട്. അതുകൊണ്ടു തന്നെ വരും ദിവസങ്ങളില്‍ കൂടുതല്‍ പേരെ പ്രതി ചേര്‍ക്കുമെന്നാണ് സൂചന.

നിലവില്‍ ഇതുവരെ 20 പേരെയാണ് കേസില്‍ എന്‍ഐഎ പ്രതിചേര്‍ത്തിട്ടുള്ളത്. കേസില്‍ പ്രതിയാക്കപ്പെട്ടവരില്‍ നിന്നുള്ള ഡിജിറ്റല്‍ തെളിവുകള്‍ ഇതിനകം ശേഖരിച്ചിട്ടുണ്ട്. ഇതിന്റെ പരിശോധനകള്‍ പൂര്‍ത്തിയാകുന്ന മുറയ്ക്ക് പ്രതികളെ വീണ്ടും ചോദ്യം ചെയ്യേണ്ടി വരും എന്നാണ് കോടതിയില്‍ അറിയിച്ചിരിക്കുന്നത്. കുറ്റകൃത്യങ്ങള്‍ തടയുന്നതിനുള്ള രാജ്യാന്തര സംഘടനയായ ഇന്റര്‍പോളാണ് ബ്ലൂ കോര്‍ണര്‍ നോട്ടിസ് പുറപ്പെടുവിക്കുന്നത്. വിദേശത്തുള്ള പ്രതികളില്‍ നിന്ന് കുറ്റകൃത്യങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ ശേഖരിക്കുന്നതിനാണ് ഇത്.

ഇന്ത്യയില്‍ ഇന്റര്‍പോളിന്റെ നോഡല്‍ ഏജന്‍സി സിബിഐ ആണ്. സിബിഐ ആസ്ഥാനത്തുള്ള ഇന്റര്‍പോളുമായി ബന്ധപ്പെട്ട നടപടികള്‍ കൈകാര്യം ചെയ്യുന്ന വിഭാഗത്തിന് എന്‍ഐഎ അന്വേഷണ സംഘം വിദേശത്തുള്ള പ്രതിക്കു വേണ്ടിയുള്ള അറസ്റ്റ് വാറണ്ട് ഉള്‍പ്പടെ കേസ് വിവരങ്ങള്‍ കൈമാറുന്നു. തുടര്‍ന്ന് സിബിഐ ശുപാര്‍ശയില്‍ ഇന്റര്‍പോളാണ് ബ്ലൂകോര്‍ണര്‍ നോട്ടിസ് പുറപ്പെടുവിക്കുക. രാജ്യാന്തര കുറ്റവാളികള്‍ക്കായി ഇന്റര്‍പോള്‍ സാധാരണ റെഡ്, ഗ്രീന്‍, യെല്ലോ, ബ്ലാക്, ഓറഞ്ച്, പര്‍പ്പിള്‍, ബ്ലൂ എന്നിങ്ങനെ ഏഴ് നോട്ടിസുകളാണ് പുറപ്പെടുവിക്കാറുള്ളത്.

Top