സ്വര്‍ണക്കടത്തുകേസ്: അന്വേഷണ പുരോഗതി വിലയിരുത്തി അമിത് ഷാ

ന്യൂഡല്‍ഹി: തിരുവനന്തപുരത്തെ സ്വര്‍ണക്കടത്ത് കേസിലെ അന്വേഷണ പുരോഗതി വിലയിരുത്തി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കേസുമായി ബന്ധപ്പെട്ട് ഒരുപാട് സംശയങ്ങള്‍ നിലനില്‍ക്കെയാണ് അവലോകന യോഗം ആഭ്യന്തര മന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്നത്. കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരനും മറ്റ് ഉന്നത ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു.

വിവിധ ഏജന്‍സികളുടെ അന്വേഷണം സംബന്ധിച്ചും യോഗത്തില്‍ വിലയിരുത്തി. കേസിലെ നടപടി ക്രമങ്ങളാണ് യോഗത്തില്‍ ചര്‍ച്ച ചെയ്തത്. തെളിവുകള്‍ കിട്ടുന്ന മുറയ്ക്ക് അന്വേഷണം ഉന്നതരിലേക്കും നീളുമെന്നാണ് യോഗത്തില്‍ നിന്ന് ലഭിക്കുന്ന സൂചന.

കേസിന്റെ ഒരു ഘട്ടത്തില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് നേരിട്ട് തന്നെ ഇടപെട്ടിരുന്നു. ഇതിനു പിന്നാലെയാണ് അന്വേഷണം എന്‍.ഐ.എയ്ക്ക് കൈമാറിയത്. നേരത്തെ ധനമന്ത്രി നിര്‍മല സീതാരാമനും വി. മുരളീധരനും തമ്മില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് അമിത് ഷായുടെ നേതൃത്വത്തില്‍ യോഗം നടന്നത്.

Top