മെര്‍ക്കുറി പൂശി ഒളിപ്പിച്ചു കടത്താന്‍ ശ്രമം, 41 ലക്ഷത്തിന്റെ സ്വര്‍ണവുമായി ഒരാള്‍ പിടിയില്‍

gold

കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവളത്തില്‍ 41 ലക്ഷത്തിന്റെ സ്വര്‍ണം പിടികൂടി.

ദമാമില്‍ നിന്നെത്തിയ യാത്രക്കാരന്‍ ട്രോളി ബാഗിന്റെ ബീഡിംഗുകളായി ഒളിപ്പിച്ചു കടത്തിയ 1.3495 കിലോഗ്രാം സ്വര്‍ണമാണ് കരിപ്പൂര്‍ കസ്റ്റംസ് ഇന്റലിജന്‍സ് പിടികൂടിയത്.

എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ ഐഎക്‌സ് 348 ദമാം വിമാനത്തില്‍ കരിപ്പൂരിലെത്തിയ കോഴിക്കോട് കൊടുവള്ളി അക്കിരിപറമ്പത്ത് സക്കീര്‍ ഹുസൈന്‍(27)എന്ന യാത്രക്കാരനില്‍ നിന്നാണ് സ്വര്‍ണം കണ്ടെത്തിയത്.

ട്രോളി ബാഗിന്റെ പിടിക്കടിയില്‍ പ്രത്യേക ഫ്രെയിം തീര്‍ത്ത് സ്വര്‍ണത്തിന്റെ കമ്പികള്‍ ഫ്രെയിമില്‍ ഒട്ടിച്ച നിലയിലായിരുന്നു. സ്വര്‍ണമാണെന്ന് തിരിച്ചറിയാതിരിക്കാന്‍ ഇതില്‍ മെര്‍ക്കുറി പൂശി വെളുപ്പിക്കുകയും ചെയ്തിരുന്നു. ഇതിനു മുകളില്‍ റെക്‌സിന്‍ ഒട്ടിച്ചാണ് ട്രോളി ബാഗിന്റെ പിടി തയാറാക്കിയിരുന്നത്.

കണ്ടെടുത്ത 1349.5 ഗ്രാം സ്വര്‍ണത്തിനു ഇന്ത്യന്‍ വിപണിയില്‍ 41,69,955 രൂപ വില വരുമെന്ന് അധികൃതര്‍ വ്യക്തമാക്കി.

Top