സ്വര്‍ണക്കടത്ത് കേസ് പ്രതികളുടെ ജാമ്യം റദ്ദാക്കണം; ആവശ്യം തള്ളി സുപ്രീംകോടതി

ന്യൂഡല്‍ഹി: നയതന്ത്ര സ്വര്‍ണ്ണക്കടത്ത് കേസിലെ 12 പ്രതികള്‍ക്ക് അനുവദിച്ച ഹൈക്കോടതി ജാമ്യം റദ്ദാക്കാന്‍ വിസമ്മതിച്ച് സുപ്രീം കോടതി. അതേസമയം സ്വര്‍ണ്ണക്കടത്ത് യു.എ.പി.എ. നിയമത്തിന്റെ പരിധിയില്‍ വരില്ലെന്ന കേരള ഹൈക്കോടതി വിധിക്കെതിരേ നല്‍കിയ അപ്പീലില്‍ സുപ്രീം കോടതി നോട്ടീസ് അയച്ചു. യു.എ.പി.എ. നിയമത്തിന്റെ 15-ാം വകുപ്പ് സംബന്ധിച്ച് രണ്ട് ഹൈക്കോടതികള്‍ വ്യത്യസ്ത അഭിപ്രായം സ്വീകരിച്ചതിനാല്‍ അക്കാര്യം വിശദമായി പരിശോധിക്കാമെന്ന് സുപ്രീം കോടതി വ്യക്തമാക്കി.

രാജ്യത്തിന്റെ സാമ്പത്തിക സുരക്ഷിതത്വം തകര്‍ക്കുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന സ്വര്‍ണ്ണക്കടത്ത് മാത്രമേ യു.എ.പി.എ. നിയമപ്രകാരമുളള ഭീകരപ്രവര്‍ത്തനത്തിന്റെ പരിധിയില്‍ വരികയുള്ളൂവെന്ന് വ്യക്തമാക്കിയാണ് 12 പ്രതികള്‍ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നത്. സ്വര്‍ണ്ണം കടത്തിയത് വഴി ലഭിച്ച തുക തീവ്രവാദ പ്രവര്‍ത്തനത്തിന് പ്രതികള്‍ വിനിയോഗിച്ചതിന് തെളിവുകള്‍ ഇല്ലെന്ന എന്‍.ഐ.എ. കോടതിയുടെ കണ്ടെത്തലും ഹൈക്കോടതി ശരിവെച്ചിരുന്നു.

ഈ വിധിക്കെതിരേയാണ് കേന്ദ്ര സര്‍ക്കാരും, എന്‍.ഐ.എ.യും സുപ്രീം കോടതിയെ സമീപിച്ചത്. എന്നാല്‍ പ്രതികളുടെ ജാമ്യം സ്റ്റേ ചെയ്യാന്‍ കഴിയില്ലെന്ന് ചീഫ് ജസ്റ്റിസ് എന്‍.വി.രമണ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. അതേസമയം യു.എ.പി.എ.നിയമത്തിന്റെ 15-ാം വകുപ്പ് പ്രകാരം സ്വര്‍ണ്ണക്കടത്ത് ഭീകരവാദ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ കഴിയുന്ന കുറ്റകൃത്യമാണെന്ന് രാജസ്ഥാന്‍ ഹൈക്കോടതി വിധിച്ചിട്ടുള്ളതായി അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ചൂണ്ടിക്കാട്ടി

 

 

Top