കോഴിക്കോട് ഒന്നേകാല്‍ കോടി രൂപയുടെ സ്വര്‍ണം പിടികൂടി

തിരുവനന്തപുരം: കോഴിക്കോട് വന്‍ സ്വര്‍ണ്ണ വേട്ട. ഒന്നേകാല്‍ കോടി രൂപയുടെ സ്വര്‍ണ്ണം ഡി ആര്‍ ഐ അധികൃതര്‍ പിടികൂടി. കരിപ്പൂര്‍ വിമാനത്താവളം, കോഴിക്കോട് റെയില്‍വെ സ്റ്റേഷന്‍ എന്നിവിടങ്ങളില്‍ നടത്തിയ പരിശോധനയിലാണ് 4 കിലോയോളം വരുന്ന സ്വര്‍ണ്ണം പിടികൂടിയത്.

ദുബായില്‍ നിന്ന് വന്ന ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ സീറ്റിനടിയില്‍ ഒളിപ്പിച്ച നിലയിലാണ് കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് സ്വര്‍ണ്ണം ഡി ആര്‍ ഐ അധികൃതര്‍ക്ക് ലഭിച്ചത്. 21 സ്വര്‍ണ്ണ ബിസ്‌ക്കറ്റുകള്‍ക്ക് 78 ലക്ഷം രൂപ വിലവരും.

രണ്ടര കിലോഗ്രം തൂക്കം വരുന്ന സ്വര്‍ണ്ണം കൊണ്ടുവന്നവരെ കണ്ടെത്താനായില്ല. മറ്റൊരു പരിശോധനയില്‍ കോഴിക്കോട് റെയില്‍വെ സ്റ്റേഷനില്‍ നിന്ന് 40 ലക്ഷം രൂപയുടെ സ്വര്‍ണ്ണം കണ്ടെടുത്തു. യാത്രക്കാരനായ താമരശ്ശേരി പരപ്പന്‍പൊയില്‍ സ്വദേശി ഹുനൈസിന്റെ അരക്കെട്ടില്‍ ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണ്ണം. ഇയാളെ അറസ്റ്റ് ചെയ്തു.

കളിമണ്ണ് രൂപത്തിലുളള വസ്തുവില്‍ പാഡ് രൂപത്തിലാക്കി കെട്ടിയ നിലയിലായിരുന്നു സ്വര്‍ണ്ണം. ഹുനൈസിന് ചെന്നൈയില്‍ വെച്ച് സ്വര്‍ണ്ണം കൈമാറിയ ആളെ കുറിച്ച് ഡി ആര്‍ ഐ അന്വേഷണം ആരംഭിച്ചു.

Top