കൊച്ചിയില്‍ വന്‍ സ്വര്‍ണ്ണവേട്ട ; 20 ലക്ഷത്തിലധികം രൂപ വിലമതിക്കുന്ന സ്വര്‍ണ്ണം പിടികൂടി

കൊച്ചി: രണ്ട് യാത്രക്കാരില്‍ നിന്നായി 20 ലക്ഷത്തിലധികം രൂപ വിലമതിക്കുന്ന സ്വര്‍ണ്ണാഭരണങ്ങളും, സ്വര്‍ണ്ണക്കട്ടിയും കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് പിടികൂടിയതായി കസ്റ്റംസ് അധികൃതര്‍ അറിയിച്ചു.

ഒരു യാത്രക്കാരന്‍ തന്റെ അടിവസ്ത്രത്തില്‍ ഒളിപ്പിച്ചാണ് സ്വര്‍ണ്ണം കടത്തിയതെന്നും, 310 ഗ്രാം തൂക്കമുള്ള സ്വര്‍ണ്ണാഭരണത്തിന് ഏകദേശം 9.14 ലക്ഷം രൂപയോളം വിലമതിക്കുമെന്നും, കസ്റ്റംസ് കമ്മീഷണര്‍ സുമിത്കുമാര്‍ പറഞ്ഞു.

ഇയാള്‍ ദുബായില്‍ നിന്നും സ്‌പൈസ് ജെറ്റ് വിമാനത്തിലാണ് എത്തിയത്.

370 ഗ്രാം തൂക്കമുള്ള 10.91 ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണ്ണക്കട്ടിയുമായി മറ്റൊരാളും പിടിയിലായി. ഇയാള്‍ ജിദ്ദയില്‍ നിന്ന് എയര്‍ ഇന്ത്യാ വിമാനത്തിലാണ് എത്തിയതെന്നും സുമിത്കുമാര്‍ വ്യക്തമാക്കി.

രണ്ട് സംഭവങ്ങളിലായി പിടികൂടിയ യാത്രക്കാര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

കേരളത്തിലെ രണ്ട് വിമാനത്താവളങ്ങളില്‍ നിന്നും 48 ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണ്ണ ബിസ്‌ക്കറ്റുകള്‍ കഴിഞ്ഞ ആഴ്ചയും കസ്റ്റംസ് പിടികൂടിയിരുന്നു.

Top