സ്വര്‍ണക്കവര്‍ച്ച; കൊടുവള്ളി സംഘത്തിലെ അഞ്ച് പേര്‍ കൂടി അറസ്റ്റിലായി

arrest

കൊണ്ടോട്ടി: രാമനാട്ടുകര വാഹനാപകടത്തില്‍ മരിച്ചവര്‍ ഉള്‍പ്പെട്ട സ്വര്‍ണക്കവര്‍ച്ചാ സംഘത്തിലെ അഞ്ച് പേരെക്കൂടി കൊണ്ടോട്ടി പൊലീസ് അറസ്റ്റ്‌ചെയ്തു. കൊടുവള്ളി നാട്ടുകല്ലിങ്ങല്‍ മേലേകുണ്ടത്തില്‍ റിയാസ് (33), ആവിലോറ പിലാവുള്ളതില്‍ വീട്ടില്‍ മുഹമ്മദ് ബഷീര്‍ (39), ആവിലോറ ഒയലക്കുന്ന് പുറായില്‍ ഹാഫീസ് (28), ആവിലോറ ഫാസില്‍ (28), ആവിലോറ പുണ്ടത്തില്‍ വീട് ഷംസുദ്ധീന്‍ (35) എന്നിവരാണ് പിടിയിലായത്.

ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം പതിനാറായി. സംഭവദിവസം കൊടുവള്ളിയില്‍നിന്ന് കരിപ്പൂരിലെത്തിയ രണ്ടാം സംഘത്തില്‍പ്പെട്ടവരാണ് ഇവര്‍. റിയാസിന്റെ നേതൃത്വത്തിലാണ് വന്നത്. കഴിഞ്ഞദിവസം അറസ്റ്റിലായ സംഘത്തലവന്‍ സൂഫിയാനുമായി ഗള്‍ഫില്‍നിന്ന് സ്വര്‍ണം കടത്താന്‍ നേരിട്ട് ബന്ധപ്പെടുന്നയാളാണ് റിയാസെന്ന് പൊലീസ് പറഞ്ഞു. ക്രിമിനല്‍ ഗൂഢാലോചന, തട്ടിക്കൊണ്ടുപോകാന്‍ ശ്രമം എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് കേസ്.

Top