സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം തുടരുന്നു

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്. പവന് 80 രൂപ കുറഞ്ഞ് 36,360 രൂപയിലെത്തി. 4545 രൂപയാണ് ഗ്രാമിന്റെ വില. ചൊവ്വ, ബുധന്‍ ദിവസങ്ങളിലായി പവന് 1200 രൂപ കുറഞ്ഞിരുന്നു. ഓഗസ്റ്റില്‍ പവന്‍ വില ഏറ്റവും ഉയര്‍ന്ന നിരക്കായ 42,000 രൂപയില്‍ എത്തിയിരുന്നു.

നാലു മാസത്തിനുള്ളില്‍ ഗ്രാമിന് 705 രൂപയുടേയും പവന് 5,600 രൂപയുടേയും ഇടിവാണ് രേഖപ്പെടുത്തിയത്. ആഗോള വിപണിയില്‍ ഒരു ട്രോയ് ഔണ്‍സ് (31.1 ഗ്രാം) 24 കാരറ്റ് സ്വര്‍ണത്തിന് 0.3 ശതമാനം വില കുറഞ്ഞ് 1,810.44 ഡോളര്‍ നിലവാരത്തിലെത്തി.

അമേരിക്കന്‍ തിരഞ്ഞെടുപ്പു കഴിഞ്ഞതോടെ രാഷ്ട്രീയ അനിശ്ചിതത്വം മാറിയതും കമ്പനികളുടെ കോവിഡ് വാക്സിന്‍ പരീക്ഷണം 95 ശതമാനം വരെ ഫലപ്രദമാണെന്ന് കണ്ടെത്തിയതുമൊക്കെയാണ് വിപണിയെ സ്വാധീനിച്ചത്. ഒരു ഗ്രാം വെള്ളിയ്ക്ക് 60.05 രൂപയാണ് വില. 8 ഗ്രാം വെള്ളിയ്ക്ക് 480.40 രൂപയും.

Top