വില ഉയരുന്നതോടെ സാമ്പത്തിക വിപണിയില്‍ സ്വര്‍ണത്തിന്റെ ഡിമാന്‍ഡ് വര്‍ധിക്കുന്നു

കൊച്ചി: വില കുതിച്ചുയരുന്നതോടെ സാമ്പത്തിക വിപണിയില്‍ സ്വര്‍ണത്തിന്റെ ഡിമാന്‍ഡ് വര്‍ധിക്കുന്നു. ഇടക്കാലത്ത് വില കുറഞ്ഞപ്പോള്‍ സ്വര്‍ണപണയ വായ്പകളോട് മുഖം തിരിച്ച ബാങ്കുകളും ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങളും ഇപ്പോള്‍ മത്സരിച്ചാണ് സ്വര്‍ണ വായ്പാ പദ്ധതികള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

കര്‍ഷകര്‍ക്ക് നാലുശതമാനം പലിശയ്ക്ക് നല്‍കിയിരുന്ന സ്വര്‍ണ പണയവായ്പ എടുക്കുന്നതിന് കൂടുതല്‍ ആളുകളാണ് ബാങ്കുകളിലേക്ക് എത്തുന്നത്. നിലവിലുള്ള സ്വര്‍ണപണയ വായ്പ പുതുക്കി വയ്ക്കുന്നതിനും ബാങ്കുകള്‍ സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തി തുടങ്ങി. ഉത്സവകാലമായതോടെയാണ് ഈ വായ്പകള്‍ കൂടിയിരിക്കുന്നത്. നിലവില്‍ ഒരു പവന്‍ സ്വര്‍ണം വാങ്ങുന്നതിന് തുല്ല്യമായ വില ബാങ്കിങ്ങ് ഇതര സ്ഥാപനങ്ങളില്‍ നിന്നും, സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളില്‍ നിന്നും ലഭിക്കുന്നുണ്ട്. ആഭരണം വാങ്ങുന്നതിന് റെക്കോര്‍ഡ് നിരക്കനുസരിച്ച് 32,000 രൂപയിലധികം നല്‍കേണ്ടിവരും.

ആഗോളതലത്തിലെ സാമ്പത്തിക മാന്ദ്യ സൂചനകളും ഇന്ത്യയില്‍ വളര്‍ച്ചാ മുരടിപ്പും തുടരുന്നതാണ് പ്രധാനമായും സ്വര്‍ണവില ഉയരാന്‍ കാരണം. രാജ്യത്ത് ഉത്സവ സീസണിന് തുടക്കമായതും വിലവര്‍ധനയ്ക്ക് കാരണമായി. ഡോളറിനെതിരേ രൂപയുടെ മൂല്യത്തകര്‍ച്ച തുടരുന്നത് സ്വര്‍ണ ഇറക്കുമതിയുടെ ചെലവ് വര്‍ധിപ്പിക്കുന്നു. എന്നാല്‍, ഇന്ത്യയിലേക്കുളള സ്വര്‍ണ ഇറക്കുമതിയില്‍ വാര്‍ഷികാടിസ്ഥാനത്തില്‍ 73 ശതമാനത്തിന്റെ കുറവ് റിപ്പോര്‍ട്ട് ചെയ്തു.

വില വര്‍ധിച്ചത് കാരണം ഉപഭോഗം കുറഞ്ഞതും ഇറക്കുമതിച്ചുങ്കത്തിലുണ്ടായ വര്‍ധനയുമാണ് ഇറക്കുമതി കുറയാനിടയാക്കിയത്. ഇറക്കുമതി കുറഞ്ഞതോടെ രാജ്യത്തേക്കുളള സ്വര്‍ണ കള്ളക്കടത്ത് വലിയ തോതില്‍ വര്‍ധിച്ചതായാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ 111.47 ടണ്‍ സ്വര്‍ണം ഇറക്കുമതി ചെയ്‌തെങ്കില്‍ ഈ വര്‍ഷം ഓഗസ്റ്റില്‍ അത് വെറും 30 ടണ്‍ മാത്രമായി കുറഞ്ഞു. ഇത് നിരക്ക് വര്‍ധനയെ വലിയതോതില്‍ സ്വാധീനിക്കുന്നുണ്ട്.

സാമ്പത്തിക മാന്ദ്യ സൂചനകളാണ് സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തിന് ഡിമാന്‍ഡ് വര്‍ധിക്കാന്‍ കാരണം. സ്വര്‍ണത്തിന്റെ വിപണി വിലയ്‌ക്കൊപ്പം പണിക്കൂലി, പണിക്കുറവ്, ജിഎസ്ടി, പ്രളയസെസ് തുടങ്ങിയവ കൂടി ചേരുന്നതോടെ ആഭരണമെന്ന നിലയ്ക്ക് സ്വര്‍ണത്തെ സമീപിക്കുന്നവരുടെ കൈ പൊളളും. ഇതോടെ വിപണി വിലയെക്കാള്‍ ഏകദേശം 3,000 രൂപയോളം സ്വര്‍ണാഭരണം വാങ്ങുമ്പോള്‍ ഉപഭോക്താവ് കൂടുതല്‍ നല്‍കേണ്ടി വരും.

Top