ഞെട്ടരുത്; സ്വര്‍ണ വില പവന് 36,000 വരെ എത്തിയേക്കാം

കൊച്ചി: പഞ്ഞ കര്‍ക്കിടകം മാറി പൊന്നിന്‍ ചിങ്ങമിങ്ങെത്തിയപ്പോള്‍ സ്വര്‍ണവില റെക്കോര്‍ഡിലേക്ക്. പവന് 28,000 രൂപയിലാണിപ്പോള്‍ സ്വര്‍ണ വില്‍പ്പന നടക്കുന്നത്. ഈ സ്ഥിതി തുടര്‍ന്നാല്‍ പവന് 36,000 രൂപയോളം വരുമെന്ന നിഗമനത്തിലാണ് സാമ്പത്തിക രംഗത്തെ വിദഗ്ധര്‍ സൂചിപ്പിക്കുന്നത്.

ഇപ്പോള്‍ തന്നെ ഒരു പവന്‍ സ്വര്‍ണം ആഭരണമായി വാങ്ങണമെങ്കില്‍ പണിക്കൂലിയടക്കം 31,000 രൂപയോളം നല്‍കേണ്ട സാഹചര്യമാണ് ഉള്ളത്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 20 ശതമാനത്തിലേറെ വര്‍ധനയാണ് സ്വര്‍ണ വിലയില്‍ ഉണ്ടായിരിക്കുന്നത്. ആഗോളവിപണിയിലെ വില വര്‍ധനവിന് അനുസരിച്ചാണ് ആഭ്യന്തരവിപണിയിലും സ്വര്‍ണ വില കൂടുന്നത്.

2019-20 കാലയളവില്‍ ആഗോള സാമ്പത്തിക മാന്ദ്യത്തിന് സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ നിലനില്‍ക്കുന്നതിനാല്‍ വില അടുത്തെങ്ങും കുറയാന്‍ സാധ്യതയില്ലെന്ന സൂചനകളാണ് ലഭിക്കുന്നത്. ഉത്സവ- കല്യാണ സീസണുകള്‍ അടുക്കുമ്പോള്‍ സ്വര്‍ണ വില ഇത്തരത്തില്‍ കുതിച്ചുയരുന്നത് സാധാരണക്കാരന് താങ്ങാനാവുന്നതല്ല. എന്നാല്‍ സ്വര്‍ണ നിക്ഷേപകര്‍ക്കിത് സുവര്‍ണ കാലമാണ്.

Top