സംസ്ഥാനത്ത് ഇന്നും സ്വര്‍ണവില കുറഞ്ഞു; നിരക്കറിയാം

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. പവന് 120 രൂപ കുറഞ്ഞതോടെ ഇന്ന് 43,960 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 15 രൂപയാണ് കുറഞ്ഞത്. 5495 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

കഴിഞ്ഞ ദിവസം ഒറ്റയടിക്ക് ആയിരത്തിലധികം രൂപ വര്‍ധിച്ച സ്വര്‍ണവില ഇന്നലെ മുതലാണ് ഇടിയാന്‍ തുടങ്ങിയത്. ഇന്നലെ 240 രൂപയാണ് കുറഞ്ഞത്. ഈ മാസത്തിന്റെ തുടക്കത്തില്‍ 42,680 രൂപയായിരുന്നു സ്വര്‍ണവില. അഞ്ചിന് 41,920 രൂപയായി താഴ്ന്ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തില്‍ എത്തി.

തുടര്‍ന്നുള്ള ദിവസങ്ങളില്‍ പടിപടിയായി ഉയര്‍ന്ന് ശനിയാഴ്ച 44,320 രൂപയായി വര്‍ധിച്ച് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തിലും എത്തി. പിന്നാലെ ഇന്നലെ മുതലാണ് വില താഴ്ന്നത്.

Top