സ്വര്‍ണവിലയില്‍ ഇടിവ് തുടരുന്നു; ഗ്രാമിന് 20 രൂപ കുറഞ്ഞു

തിരുവനന്തപുരം: സ്വര്‍ണവിലയില്‍ തുടര്‍ച്ചയായ ഇടിവ്. ഈ മാസത്തെ റെക്കോര്‍ഡ് വിലയിലെത്തിയ ശേഷം ഓരോ ദിവസവും വില കുറഞ്ഞു വരികയാണ്. ജനുവരി രണ്ടിന് 47,000 രൂപയായിരുന്ന പവന്‍ വില ഇന്നുള്ളത് 46,240 രൂപയില്‍. ജനുവരി രണ്ടിലെ 5,875 രൂപയില്‍ നിന്ന് 5,780 രൂപയിലേക്കും കുറഞ്ഞു.

ഇന്നുമാത്രം പവന് 160 രൂപയും ഗ്രാമിന് 20 രൂപയുമാണ് താഴ്ന്നത്. 18 കാരറ്റ് സ്വര്‍ണവില ഗ്രാമിന് ഇന്ന് 15 രൂപ കുറഞ്ഞ് 4,785 രൂപയായി. അതേസമയം, വെള്ളി വില മാറ്റമില്ലാതെ തുടരുകയാണ്. ഗ്രാമിന് 78 രൂപയിലാണ് ഇന്നും വ്യാപാരം.

രാജ്യാന്തര വിപണിയുടെ ചുവടുപിടിച്ചാണ് കേരളത്തിലും സ്വര്‍ണവില കുറയുന്നത്. ഔണ്‍സിന് 2,045 ഡോളറായിരുന്ന രാജ്യാന്തര വില ഇന്ന് 2,036 ഡോളറിലേക്ക് താഴ്ന്നു. സ്വര്‍ണം ആവശ്യമുള്ളവര്‍ വില കുറയുന്ന വേളയില്‍ തന്നെ വാങ്ങുന്നതാണ് നല്ലത്. ഏത് സമയവും വില തിരിച്ചുകയറിയേക്കാം.

Top