കുതിപ്പ് തുടര്‍ന്ന് സ്വര്‍ണവില; ഇന്നും ഉയര്‍ന്നതോടെ വില ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയില്‍

കൊച്ചി: സംസ്ഥാനത്ത് ഇന്നും സ്വര്‍ണവില ഉയര്‍ന്നു. ഇതോടെ ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയിലേക്ക് സ്വര്‍ണവില എത്തി. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 80 രൂപയും ഗ്രാമിന് പത്ത് രൂപയും ഉയര്‍ന്നു. ഇതോടെ സ്വര്‍ണം പവന് 45,320 രൂപയിലേക്കും ഗ്രാമിന് 5665 രൂപയിലേക്കുമെത്തിയാണ് വ്യാപാരം പുരോഗമിക്കുന്നത്.

ഇന്നലെ പവന് 160 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന് 45,240 രൂപയിലും ഒരു ഗ്രാം സ്വര്‍ണത്തിന് 5,655 രൂപയിലുമായിരുന്നു വ്യാപാരം. തിങ്കളാഴ്ച പവന് 200 രൂപ കുറഞ്ഞിരുന്നു. ഒരു പവന്‍ 22 കാരറ്റ് സ്വര്‍ണത്തിന്റെ വില 45080 രൂപയായിരുന്നു. കഴിഞ്ഞ ആഴ്ച സ്വര്‍ണവില നല്ല കുതിപ്പിലാണ് മുന്നേറിയിരുന്നത്. തിങ്കളാഴ്ച മാത്രമാണ് നേരിയ കുറവുണ്ടായത്.

ഇസ്രയേല്‍-ഹമാസ് യുദ്ധസാഹചര്യത്തില്‍ അന്താരാഷ്ട്ര സ്വര്‍ണ്ണവില ഉയര്‍ന്നതോടെയാണ് സംസ്ഥാനത്തും സ്വര്‍ണവില കൂടുന്നത്. കഴിഞ്ഞ രണ്ടുമൂന്നു വര്‍ഷക്കാലമായി മരവിപ്പനുഭപ്പെട്ടിരുന്ന സ്വര്‍ണ വ്യാപാര മേഖലയ്ക്ക് ഇത്തവണ ഉണര്‍വ് ലഭിച്ചു. കഴിഞ്ഞവര്‍ഷത്തേക്കാള്‍ 20% ത്തോളം വ്യാപാരമാണ് രേഖപ്പെടുത്തിയത്. ആഗോള വിപണിയിലെ കയറ്റിറക്കങ്ങള്‍ വരും ദിവസങ്ങളിലും കേരളത്തിലെ സ്വര്‍ണവിപണിയില്‍ പ്രതിഫലിക്കാന്‍ സാധ്യതയുണ്ടെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.

Top