തുടര്‍ച്ചയായ ഇടിവിന് ശേഷം സ്വര്‍ണവില വീണ്ടും കുതിക്കുന്നു; സംസ്ഥാനത്ത് ഇന്ന് ഗ്രാമിന് 10 രൂപ വര്‍ധിച്ചു

കൊച്ചി: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ നേരിയ വര്‍ധന. ഗ്രാമിന് 10 രൂപ വര്‍ധിച്ചു. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന് വില 5650 രൂപയായി. ഒരു പവന്‍ സ്വര്‍ണത്തിന് വില 45,200 രൂപയാണ്. 18 കാരറ്റിന്റെ ഒരു ഗ്രാം സ്വര്‍ണത്തിന് വില 4680 രൂപയാണ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സ്വര്‍ണവിലയില്‍ തുടര്‍ച്ചയായ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ സ്വര്‍ണവിലയില്‍ ഗ്രാമിന് 100 രൂപയുടെ കുറവ് രേഖപ്പെടുത്തിയിരുന്നു.

ഒക്ടോബര്‍ 28ന് സ്വര്‍ണവില റെക്കോര്‍ഡിലെത്തിയിരുന്നു. ഒരു ഗ്രാം സ്വര്‍ണത്തിന് 5740 രൂപയും പവന് 45920 രൂപയുമായിരുന്നു അന്ന് സ്വര്‍ണവില. ഇസ്രയേല്‍ – ഹമാസ് സംഘര്‍ഷം രൂക്ഷമായതോടെ രാജ്യാന്തര വിപണിയില്‍ സ്വര്‍ണവില കുത്തനെ ഉയര്‍ന്നതാണ് സംസ്ഥാനത്തും വില ഉയരാനുള്ള കാരണം. കഴിഞ്ഞ ചൊവ്വാഴ്ച സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലായിരുന്നു സ്വര്‍ണവില.

Top