ചുമര്‍ തുരന്ന് 50 കോടിയുടെ സ്വര്‍ണം കവര്‍ന്ന് മുഖംമൂടി ധാരികള്‍

തിരുച്ചിറപ്പള്ളി: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയില്‍ ജ്വല്ലറിയുടെ ചുമര്‍ തുരന്ന് വന്‍ കവര്‍ച്ച. തിരുച്ചിറപ്പള്ളിയിലെ ചത്രം ബസ് സ്റ്റാന്റിന് സമീപത്തെ ലളിത ജ്വല്ലറിയില്‍ നിന്ന് 50 കോടി രൂപയുടെ സ്വര്‍ണമാണ് കവര്‍ന്നത്. ബുധനാഴ്ച രാവിലെ ജീവനക്കാര്‍ ജ്വല്ലറി തുറക്കാനെത്തിയപ്പോഴാണ് കവര്‍ച്ച നടന്ന വിവരമറിയുന്നത്.

മുഖംമൂടി ധരിച്ച രണ്ടുപേരാണ് കവര്‍ച്ചയ്ക്ക് പിന്നില്‍. ഇവര്‍ ജ്വല്ലറിയുടെ പിറകുവശത്തെ ചുമര്‍ തുരന്നാണ് അകത്തുകയറിയത്. ഞായറാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെയായിരുന്നു സംഭവം.

തമിഴ്‌നാട് മധ്യമേഖല ഐജി അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തതായും പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചതായും പോലീസ് അറിയിച്ചു. അന്വേഷണത്തിന്റെ ഭാഗമായി ജ്വല്ലറിക്ക് സമീപത്തെ മൊബൈല്‍ ടവറുകള്‍ കേന്ദ്രീകരിച്ച് വിവരങ്ങള്‍ ശേഖരിക്കുകയാണെന്നും പോലീസ് പറഞ്ഞു.

കഴിഞ്ഞ വര്‍ഷവും മുഖംമൂടിധാരികളായ മോഷ്ടാക്കള്‍ തിരുച്ചിറപ്പള്ളിയിലെ പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് 17 ലക്ഷം രൂപയുടെ കവര്‍ച്ച നടത്തിയിരുന്നു.

Top