തലവരമാറ്റാന്‍ ‘നിധികുംഭം’; യുപിയില്‍ കണ്ടെത്തിയത് മൂവായിരം ടണ്‍ സ്വര്‍ണഖനി

ലഖ്‌നൗ: രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ തകിടം മറിഞ്ഞിരിക്കുന്ന സാഹചര്യത്തില്‍ ഇന്ത്യയെ പുരോഗതിയുടെ വഴിയിലേക്ക് നയിക്കാന്‍ കഴിയുന്ന ഒരു വലിയ കണ്ടെത്തല്‍ നടന്നിരിക്കുന്നു. ഉത്തര്‍പ്രദേശിലെ സോന്‍ഭദ്ര ജില്ലയില്‍ വന്‍ സ്വര്‍ണശേഖരം കണ്ടെത്തി. മൂവായിരം ടണ്‍ ശേഷിയുള്ള അമൂല്യ ലോഹമായ സ്വര്‍ണത്തിന്റെ വലിയൊരു ഖനിയാണ് ഇവിടെയുള്ളത്..

ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയാണ് അമ്പരപ്പിക്കുന്ന വാര്‍ത്ത പുറത്ത് വിട്ടത്. സാനഭദ്രി ജില്ലയിലെ സോന പഹാഡി, ഹാര്‍ദി എന്നീ ബ്ലോക്കുകളിലായാണ് അമൂല്യ ലോഹത്തിന്റെ സാന്നിദ്ധ്യം കണ്ടെത്തിയിരിക്കുന്നത്. 2,943.26 ടണ്‍ സ്വര്‍ണം പഹാഡി ബ്ലോക്കിലും 646.15 കിലോ ഗ്രാം സ്വര്‍ണം ഹാര്‍ദി ബ്ലോക്കിലുമുണ്ടെന്നാണ് ജിയോളജി വകുപ്പിന്റെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നത്.

ഈ പ്രദേശത്ത് സ്വര്‍ണത്തിന് പുറമേ യുറേനിയം ഉള്‍പ്പടെയുള്ള ധാതുക്കളും ഉണ്ടാകാനുള്ള സാധ്യതയും അധികൃതര്‍ പരിശോധിക്കുന്നുണ്ട്. യുപിയിലെ വിന്ധ്യാന്‍, ബുന്ദേല്‍ഖണ്ഡ് ജില്ലകള്‍ സ്വര്‍ണം, വജ്രം, പ്ലാറ്റിനം, ലൈംസ്റ്റോണ്, ഗ്രാനൈറ്റ്, ഫോസ്‌ഫേറ്റ്, ക്വാര്‍ട്‌സ്, ചൈന ക്ലേ എന്നിവയുടെ കലവറയാണ്. ഇതിന് പുറമെയാണ് രാജ്യത്തിന്റെ തലവര തന്നെ മാറ്റി മറിക്കാവുന്ന സ്വര്‍ണ്ണത്തിന്റെ വലിയ ശേഖരം കണ്ടെത്തിയിരിക്കുന്നത്.

നിലവില്‍ അറുന്നൂറ്റി ഇരുപത്തിയാറ് ടണ്ണാണ് ഇന്ത്യയുടെ സ്വര്‍ണ ശേഖരം, ഇതിന്റെ അഞ്ച് മടങ്ങ് സ്വര്‍ണമാണ് യു.പിയില്‍ ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. പന്ത്രണ്ട് ലക്ഷം കോടിയുടെ മൂല്യമുള്ള ഖനിയാണ് കണ്ടെത്തിയിട്ടുള്ളത്.

എന്നാല്‍ ഈ നിധി ഇവിടെ ഒളിച്ചിരിക്കുന്ന കാര്യം ബ്രിട്ടീഷുകാര്‍ ഇന്ത്യ ഭരിച്ചിരുന്ന കാലത്ത് തന്നെ പലര്‍ക്കും അറിയാമായിരുന്നു. പിന്നീട് തൊണ്ണൂറുകളുടെ ആരംഭകാലത്ത് ഇവിടെ സ്വര്‍ണ നിക്ഷേപമുണ്ടെന്ന് കരുതി ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ പഠനങ്ങള്‍ ആരംഭിച്ചിരുന്നു. തുടര്‍ന്ന് നീണ്ട കാലത്തെ പഠന പരീക്ഷണങ്ങള്‍ നടത്തിയതിന് ശേഷമാണ് വാര്‍ത്ത ഇപ്പോള്‍ അവര്‍ പുറത്ത് വിട്ടിരിക്കുന്നത്.

ഈ നിധികുംഭത്തെ കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചപ്പോള്‍ തന്നെ പ്രദേശത്തെ ജിയോ ടാഗിംഗ് ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ നിയോഗിച്ചു കഴിഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍. ഖനിയുടെ ലേലത്തിനായുള്ള നടപടികളും ഉടന്‍ ആരംഭിക്കുമെന്ന് അറിയുന്നു.

Top