നികുതി വെട്ടിച്ച് കടത്തിയ 54 ലക്ഷം രൂപയുടെ സ്വര്‍ണാഭരണങ്ങള്‍ പിടികൂടി

പാലക്കാട്: ഒലവക്കോട് റെയില്‍വേ സ്‌റ്റേഷനില്‍ നികുതി വെട്ടിച്ച് കടത്തിയ 54 ലക്ഷം രൂപയുടെ സ്വര്‍ണാഭരണങ്ങള്‍ പിടികൂടി. ഹാട്ടിയ എറണാകുളം എക്‌സ്പ്രസ്സില്‍ ആര്‍ പി എഫ് നടത്തിയ പരിശോധനയിലാണ് സ്വര്‍ണാഭരണങ്ങള്‍ പിടികൂടിയത്. ആന്ധ്രപ്രദേശിലെ നെല്ലൂരില്‍ നിന്നും എറണാകുളത്തെ ജ്വല്ലറികളിലേക്ക് വില്‍പ്പനയ്ക്കായി കടത്തിക്കൊണ്ട് വന്ന സ്വര്‍ണാഭരണങ്ങളാണിതെന്ന് ആര്‍പിഎഫ് വ്യക്തമാക്കി.

ആന്ധ്രപ്രദേശ് സ്വദേശി സംഘ റാം ആണ് സ്വര്‍ണ്ണവുമായി പിടിയിലായത്. ഒന്നേകാല്‍ കിലോ സ്വര്‍ണമാണ് ഇയാളില്‍ നിന്നും പിടിച്ചെടുത്തത്. ഇതരസംസ്ഥാനങ്ങളില്‍ നിന്നും രേഖകളില്ലാതെ സ്വര്‍ണാഭരണങ്ങള്‍ നികുതിവെട്ടിച്ച് കടത്തിക്കൊണ്ട് വന്നു കേരളത്തിലെ ജ്വല്ലറികളില്‍ വില്‍പ്പന നടത്തുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് സംഘ റാം.

കേരളത്തിലെ ജ്വല്ലറികളില്‍ നിരവധിതവണ സ്വര്‍ണ്ണം രേഖകളില്ലാതെ കടത്തിക്കൊണ്ടുവന്ന് വില്പന നടത്തിയതായി ഇയാള്‍ മൊഴി നല്‍കിയിട്ടുണ്ട്. പിടിച്ചെടുത്ത സ്വര്‍ണവും പ്രതിയെയും പാലക്കാട് ജി എസ് ടി ഡിപ്പാര്‍ട്ട്‌മെന്റ്‌ന് കൈമാറിതായി ആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

Top