സ്വര്‍ണത്തില്‍ നിക്ഷേപം നടത്തുന്ന എക്‌സേഞ്ച് ട്രേഡ്‌സ് ഫണ്ടുകള്‍ മന്ദഗതിയില്‍

ന്യൂഡല്‍ഹി: സ്വര്‍ണത്തില്‍ നിക്ഷേപം നടത്തുന്ന എക്‌സേഞ്ച് ട്രേഡ്‌സ് ഫണ്ടുകളുടെ( ഇടിഎഫ്) പ്രഭാവം കൂടുതല്‍ മങ്ങുന്നു. നടപ്പു സാമ്പത്തിക വര്‍ഷം ഏപില്‍- ജൂണ്‍ പാദത്തില്‍ സ്വര്‍ണ ഇടിഎഫുകളില്‍ നിന്നും 150 കോടി രൂപയുടെ നിക്ഷേപമാണ് നിക്ഷേപകര്‍ പിന്‍വലിച്ചത്.

ഏപ്രില്‍, ജൂണ്‍ മാസങ്ങളില്‍ 54 കോടി രൂപ വീതവും മേയില്‍ 38 കോടി രൂപയുമാണ് സ്വര്‍ണ ഇടിഎഫുകളില്‍ നിന്നും നിക്ഷേപകര്‍ പിന്‍വലിച്ചത്. അതേ സമയം ഓഹരി വിഭാഗത്തില്‍ നടപ്പു സാമ്പത്തിക വര്‍ഷം ആദ്യപാദത്തില്‍ 33,000 കോടി രൂപയുടെ നിക്ഷേപം നടന്നു.

സ്വര്‍ണ ഫണ്ടുകളുടെ കൈകാര്യ ആസ്തി കഴിഞ്ഞ വര്‍ഷം ജൂണിലെ 5,174 കോടി രൂപയില്‍ നിന്നും കഴിഞ്ഞ മാസം അവസാനത്തോടെ 12 ശതമാനം ഇടിഞ്ഞ് 4567 കോടി രൂപയായി. കഴിഞ്ഞ അഞ്ച് സാമ്പത്തിക വര്‍ഷങ്ങളായി സ്വര്‍ണത്തില്‍ നിക്ഷേപം നടത്തുന്ന എക്‌സേഞ്ച് ട്രേഡ്‌സ് ഫണ്ടുകളുടെ വിഭാഗത്തില്‍ മന്ദഗതിയിലുള്ള വ്യാപാരമാണ് നടക്കുന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം (2017-2018) 835 കോടി രൂപയുടെ നിക്ഷേപമാണ് ഇത്തരം ഫണ്ടുകളില്‍ നിന്നും നിക്ഷേപകര്‍ പിന്‍വലിച്ചിട്ടുള്ളത്.

2016-2017 സാമ്പത്തിക വര്‍ഷം 775 കോടി രൂപയുടെ നിക്ഷേപവും 2015-2016 ല്‍ 903 കോടി രൂപയുടെ നിക്ഷേപവും 2014-2015ല്‍ 1475 കോടി രൂപയുടെ നിക്ഷേപവുമാണ് സ്വര്‍ണ ഫണ്ടുകളില്‍ നിന്നും നിക്ഷേപകര്‍ പിന്‍വലിച്ചത്.

Top