അമ്പെയ്ത്തില്‍ വനിതകളുടെ കോമ്പൗണ്ട് ഇനത്തില്‍ സ്വര്‍ണം

ഹാങ്ചൗ: ഏഷ്യന്‍ ഗെയിംസിന്റെ 12-ാം ദിനത്തില്‍ ഇന്ത്യക്ക് സുവര്‍ണനേട്ടത്തോടെ തുടക്കം. അമ്പെയ്ത്തില്‍ വനിതകളുടെ കോമ്പൗണ്ട് ടീം ഇനത്തിലാണ് ഇന്ത്യ സ്വര്‍ണമെഡല്‍ സ്വന്തമാക്കിയത്. ജ്യോതി സുരേഖ വെന്നം, അതിഥി ഗോപിചന്ദ് സ്വാമി, പര്‍നീത് കൗര്‍ എന്നിവരടങ്ങിയ ടീമാണ് ഇന്ത്യയ്ക്ക് 19-ാം സ്വര്‍ണം നേടിക്കൊടുത്തത്.

അതേസമയം, ബാഡ്മിന്റണില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയായ പിവി സിന്ധു ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ ചൈനീസ് താരത്തോട് പരാജയപ്പെട്ടു. ചൈനീസ് താരം ഹെ ബിംഗ്ജിയാവോ ആണ് സിന്ധുവിനെ പരാജയപ്പെടുത്തിയത്. 21-16, 21-15. കഴിഞ്ഞ ഏഷ്യന്‍ ഗെയിംസില്‍ സിന്ധു വെള്ളി നേടിയിരുന്നു.

ഫൈനലില്‍ ചൈനീസ് തായ്പേയിയെ 230- 229 എന്ന സ്‌കോറിന് കീഴ്പ്പെടുത്തിയാണ് ഇന്ത്യന്‍ താരങ്ങള്‍ ഒന്നാമതെത്തിയത്. ആദ്യ റൗണ്ടിലും മൂന്നാം റൗണ്ടിലും പിന്നില്‍ നിന്ന ശേഷമാണ് ഇന്ത്യ തിരിച്ചടിച്ചത്. ഇതോടെ ഇന്ത്യയുടെ ആകെ മെഡല്‍ നേട്ടം 82 ആയി. 19 സ്വര്‍ണവും 31 വെള്ളിയും 32 വെങ്കലവുമായി നാലാം സ്ഥാനത്ത് തന്നെ തുടരുകയാണ് ഇന്ത്യ.

 

 

Top