തൃശൂര്‍ കാരമുക്ക് ബാങ്കിലെ സ്വര്‍ണ്ണ തട്ടിപ്പ് കേസ്; പ്രതി അറസ്റ്റില്‍

തൃശൂര്‍: കാരമുക്ക് സര്‍വ്വീസ് സഹകരണ ബാങ്കില്‍ വ്യാജ സ്വര്‍ണ്ണം പണയം വെച്ച കേസിലെ പ്രതിയെ അന്തിക്കാട് പൊലിസ് അറസ്റ്റ് ചെയ്തു. കണ്ടശാംകടവ് സ്വദേശി ആന്റോ ആണ്‌ പിടിയിലായത്. തിങ്കളാഴ്ച രാത്രി ഗുരുവായൂരിലെ സ്വകാര്യ ലോഡ്ജില്‍ നിന്നാണ് ഇയാളെ
പിടികൂടിയത്. ഒളിവില്‍ കഴിഞ്ഞ് മുന്‍കൂര്‍ ജാമ്യത്തിന് വേണ്ടി ശ്രമിക്കുന്നതിനിടയിലാണ് പ്രതി  പൊലീസ് വലയില്‍ കുടുങ്ങിയത്‌. ബാങ്കിന്റെ പടിയം ബ്രാഞ്ചിലാണ് വ്യാജ സ്വര്‍ണം പണയം വെച്ച പ്രതി 36,57,000 രൂപ തട്ടിയത്. ഇരുപത്തി രണ്ട് ഇടപാടുകള്‍ നടത്തിയാണ് പ്രതി തട്ടിപ്പ് നടത്തിയത്.

ബാങ്കിലെ സ്വര്‍ണ്ണാഭരണങ്ങളുടെ പരിശേധനയ്ക്കിടെയാണ് തട്ടിപ്പ് കണ്ടെത്തിയത്. പല തവണകളായി മുക്കുപണ്ടം പണയം വച്ചിട്ടും ഉദ്യോഗസ്ഥരാരും കണ്ടെത്തിയില്ല. ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണ് തട്ടിപ്പ് നടന്നതെന്ന നിഗമനത്തിലാണ് അധികൃതര്‍. അന്വേഷണ വിധേയമായി ബ്രാഞ്ച് മാനേജര്‍ സുമനയെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.

സഹകരണ വകുപ്പ് ചട്ട പ്രകാരം നഷ്ടപ്പെട്ട പണം തിരിച്ചുപിടിക്കാനായി ആന്റോയുടെ വസ്തുക്കള്‍ ഈടായി സ്വീകരിച്ച് വായ്പ നല്‍കിയെന്നും മുതലും പലിശയുമടക്കമുള്ള തുക വസൂല്‍ ചെയ്‌തെന്നും ബാങ്ക് പ്രസിഡന്റ് ടി ഐ ചാക്കോ അറിയിച്ചു. വ്യാജ 916 മുദ്രയുള്ള സ്വര്‍ണമാണ് ആന്റോ ബാങ്കില്‍ വച്ചിരുന്നതെന്നും ഇവ തിരിച്ചറിയുക എളുപ്പമല്ലെന്നും അധികൃതര്‍ വ്യക്തമാക്കിയിരുന്നു.

 

Top