ഏഷ്യന്‍ ഗെയിംസ്: ഹോക്കിയില്‍ ഇന്ത്യയ്ക്ക് സ്വര്‍ണം

ഹാങ്ചൗ: ഏഷ്യന്‍ ഗെയിംസ് ഹോക്കിയില്‍ ഇന്ത്യയ്ക്ക് സുവര്‍ണ തിളക്കം. പുരുഷന്മാരുടെ ഹോക്കി ഫൈനലില്‍ ജപ്പാനെ ഒന്നിനെതിരേ അഞ്ച് ഗോളുകള്‍ക്ക് തകര്‍ത്ത് ഇന്ത്യ സ്വര്‍ണ മണിഞ്ഞു. ഒമ്പതു വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഇന്ത്യയുടെ സുവര്‍ണനേട്ടം.ഇന്ത്യയ്ക്കുവേണ്ടി നായകന്‍ ഹര്‍മ്മന്‍പ്രീത് സിംഗ് ഇരട്ടഗോളുകള്‍ നേടി.മന്‍ദീപ് സിങ്, അഭിഷേക് എന്നിവരാണ് മറ്റു രണ്ടു ഗോളുകള്‍ നേടിയത്. തനക സെറീനാണ് ജപ്പാന്റെ ആശ്വാസ ഗോള്‍ സ്വന്തമാക്കിയത്.

ജയത്തോടെ പാരീസ് ഒളിമ്പിക്സിന് യോഗ്യത നേടാനും ഇന്ത്യന്‍ ടീമിനായി. ഏഷ്യന്‍ ഗെയിംസ് ചരിത്രത്തിലെ നാലാം സ്വര്‍ണമാണ് മലയാളി താരം പി ആര്‍ ശ്രീജേഷിന്റെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ടീം ഇന്ന് സ്വന്തമാക്കിയത്. 2014-ല്‍ ദക്ഷിണകൊറിയയിലെ ഇഞ്ചിയോണില്‍ നടന്ന ഗെയിംസിലാണ് ഇന്ത്യ അവസാനമായി സ്വര്‍ണമണിഞ്ഞത്. അതിനു ശേഷം ഇതാദ്യമായാണ് ഇന്ത്യ ഏഷ്യന്‍ ഗെയിംസ് ഹോക്കി ഫൈനല്‍ കളിക്കുന്നത്. 2018-ല്‍ ജക്കാര്‍ത്തയില്‍ നടന്ന കഴിഞ്ഞ ഏഷ്യന്‍ ഗെയിംസില്‍ വെങ്കല മെഡലാണ് ഇന്ത്യക്ക് സ്വന്തമാക്കാനായത്.

Top