ഇന്ത്യയുടെ സ്വര്‍ണ ആവശ്യകതയില്‍ 13 ശതമാനത്തിന്റെ വര്‍ധനവ്

ന്യൂഡല്‍ഹി: ഏപ്രില്‍- ജൂണ്‍ കാലയളവില്‍ ഇന്ത്യയുടെ സ്വര്‍ണ ആവശ്യകതയില്‍ 13 ശതമാനത്തിന്റെ വര്‍ധനവുണ്ടായതായി വേള്‍ഡ് ഗോള്‍ഡ് കൗണ്‍സിലിന്റെ (ഡബ്ല്യു.ജി.സി) റിപ്പോര്‍ട്ട്. ആകര്‍ഷകമായ വിലയ്‌ക്കൊപ്പം വിശേഷ ദിവസങ്ങള്‍ കൂടുതലുണ്ടായിരുന്നതും സ്വര്‍ണ ആവശ്യകത 213.2 ടണ്ണിലേക്ക് എത്താന്‍ സഹായിച്ചു. 2018ലെ സമാന പാദത്തില്‍ 189.2 ടണ്ണിന്റെ സ്വര്‍ണ ആവശ്യകതയാണ് ഇന്ത്യ പ്രകടമാക്കിയതെന്നും ഡബ്ല്യു.ജി.സിയുടെ പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

മൂല്യത്തിന്റെ അടിസ്ഥാനത്തില്‍ പരിശോധിക്കുകയാണെങ്കില്‍ സ്വര്‍ണ ആവശ്യകത 17 ശതമാനം ഉയര്‍ന്ന് 62,422 കോടി രൂപയിലേക്കെത്തി. മുന്‍ വര്‍ഷം സമാന പാദത്തിലിത് 53,260 കോടി രൂപയായിരുന്നു. വിവിധ ജ്വല്ലറികള്‍ നടത്തിയ വലിയ വ്യാപാര പ്രചാരണങ്ങളും സ്വര്‍ണ ആവശ്യകത ഉയര്‍ത്തുന്നതില്‍ പങ്കുവഹിച്ചിട്ടുണ്ടെന്ന് ഡബ്ല്യുജിസി ഇന്ത്യയുടെ മാനെജിങ് ഡയറക്റ്റര്‍ സോമസുന്ദരം പറയുന്നു.

സ്വര്‍ണ ആഭരണങ്ങള്‍ക്കായുള്ള ആവശ്യകത കഴിഞ്ഞ പാദത്തില്‍ 168.6 ടണ്ണായിരുന്നു. മുന്‍ വര്‍ഷം സമാനപാദത്തില്‍ 149. 9 ടണ്ണാണ് രേഖപ്പെടുത്തിയിരുന്നത്. ആഭരണങ്ങള്‍ക്കായുള്ള ആവശ്യകത മൂല്യത്തിന്റെ അടിസ്ഥാനത്തില്‍ 17 ശതമാനം ഉയര്‍ന്ന് 49,380 കോടി രൂപയില്‍ എത്തി. ഒരു വര്‍ഷം മുന്‍പ് ഇത് 42,200 കോടി രൂപയായിരുന്നു.

2019 രണ്ടാം പാദത്തില്‍ നിക്ഷേപത്തിനായുള്ള സ്വര്‍ണ ആവശ്യകത 13 ശതമാനം ഉയര്‍ന്ന് 44.5 ടണ്ണിലേക്കെത്തി. 39.3 ടണ്ണായിരുന്നു 2018 രണ്ടാം പാദത്തില്‍ രേഖപ്പെടുത്തിയിരുന്നത്. മൂല്യത്തിന്റെ അടിസ്ഥാനത്തില്‍ സ്വര്‍ണത്തിലുള്ള നിക്ഷേപ ആവശ്യകത മുന്‍ വര്‍ഷം സമാന പാദത്തിലെ 11,060 കോടി രൂപയില്‍ നിന്ന് 18 ശതമാനം വര്‍ധിച്ച് 13,040 കോടി രൂപയിലേക്ക് എത്തി.
ഇന്ത്യയില്‍ റീസൈക്കിള്‍ ചെയ്യപ്പെട്ട സ്വര്‍ണത്തിന്റെ അളവ് വാര്‍ഷികാടിസ്ഥാനത്തില്‍ 18 ശതമാനം വര്‍ധിച്ച് 37.9 ടണ്ണിലേക്കെത്തി.

സ്വര്‍ണക്കട്ടികളുടെയും കോയിനുകളുടെയും ആവശ്യകത അഞ്ചു വര്‍ഷത്തെ ഉയര്‍ന്ന നിലയിലായിരുന്നു രണ്ടാം പാദത്തിലെന്ന് സോമസുന്ദരം പറയുന്നു. ജൂണില്‍ വിലയില്‍ ഉണ്ടായ വര്‍ധനയും ഇറക്കുമതി തീരുവ ബജറ്റില്‍ കുറയ്ക്കാതിരുന്നതും പാദത്തിന്റെ അവസാനമാകുമ്പോഴേക്കും ആവശ്യകതയെ നിശ്ചലമാക്കിയെന്ന് വിലയിരുത്തുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Top