കെ.എഫ്.സിയിലും ‘പൊന്നുവിളയിച്ച്’ തച്ചങ്കരി ! അഭിമാനാർഹമായ മുന്നേറ്റം

കെ.എഫ്.സിയിലും ‘പൊന്നുവിളയിച്ച്’ ടോമിൻ തച്ചങ്കരി. ഈ ഐ.പി.എസ് ഓഫീസർ സി.എം.ഡി ആയിരിക്കെ, വലിയ കുതിപ്പാണ് കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ നടത്തിയിരിക്കുന്നത്. ബിസിനസ് ഇരട്ടിയിലധികമായാണ് ഉയർന്നിരിക്കുന്നത്. 2021 മാർച്ച് 31ലെ പ്രൊവിഷണല്‍ കണക്കുകള്‍ പ്രകാരം, കെ.എഫ്.സി വായ്പാ ആസ്തി, മുൻവർഷത്തേക്കാൾ 1,349 കോടി രൂപ ഉയർന്ന്, 4700 കോടി രൂപ എന്ന നിലയിലേക്കാണ് ഉയർന്നിരിക്കുന്നത്. സർവകാല റെക്കോർഡാണിത്. വായ്പാ അനുമതിയിലും, തിരിച്ചടവിലും, മുൻ വർഷങ്ങളെക്കാൾ വൻ വർദ്ധനയാണ് ഇപ്പോൾ രേഖപ്പെടുത്തിയിരിക്കുന്നത്.2020-21 സാമ്പത്തിക വർഷം, 4,139 കോടി രൂപയുടെ വായ്പാ അനുമതികളാണ് കെ.എഫ്.സി നൽകിയിരിക്കുന്നത്. ഇത് മുൻ സാമ്പത്തിക വർഷത്തേക്കാളും 244% വർദ്ധനവാണ്. കഴിഞ്ഞ വർഷം 1,695 കോടി രൂപയുടെ വായ്പാ അനുമതിയാണ് നൽകിയിരുന്നത്. വായ്പാ വിതരണവും, 1,447 കോടിയിൽ നിന്നും 3,729 കോടി രൂപയിലേക്ക് എത്തിയിട്ടുണ്ട്. അതായതു 258 % മാണ് വർദ്ധനവ്.

 

 

പ്രതിസന്ധി ഘട്ടത്തിലും വായ്‌പാ തിരിച്ചടവിൽ 262% വർദ്ധനയുണ്ടായിട്ടുണ്ട്. മുൻ വർഷം 1082 കോടി രൂപ ആയിരുന്ന വായ്പാ തിരിച്ചടവ്, 2833 കോടി രൂപയായാണ് ഉയർന്നിരിക്കുന്നത്. പലിശ വരുമാനം 334 കോടി രൂപ യിൽനിന്നും, 131 ശതമാനം വർധനവ് രേഖപ്പെടുത്തി 436 കോടി രൂപയിൽ എത്തിയിട്ടുണ്ട്. സിബിലിൽ വിവരങ്ങൾ കൈമാറിയതും, റിക്കവറി നടപടികൾ കർശനമാക്കിയതുമാണ് ഇതിനു സഹായകരമായത്. ഇതും തച്ചങ്കരിയുടെ ബുദ്ധിപരമായ നീക്കമായിരുന്നു. ഒരു സാധാരണ ധനകാര്യ സ്ഥാപനം എന്നതിലുപരി, വിവിധ ബിസിനസ് മേഖലകൾക്കും അനുയോജ്യമായ വായ്പകളും  ഏറ്റവും മികച്ച സേവനവും ലഭ്യമാക്കുന്ന സ്ഥാപനമായി  ഇതിനകം തന്നെ കെ.എഫ്.സി മാറി കഴിഞ്ഞിട്ടുണ്ട്. വായ്പാ അനുമതി സെൻട്രലൈസ് ചെയ്തതും, ഇടപാടു കാർക്ക് സിഎംഡി ഉൾപ്പടെയുള്ള ഉയർന്ന ഉദ്യോഗസ്ഥരുമായി നേരിട്ട് വീഡിയോ കോൺഫെറെൻസിങ്ങിലൂടെ സംവദിക്കാനുള്ള അവസരം ഒരുക്കിയതും, ഈ പ്രകടനത്തിന് സഹായകരമായെന്നാണ് കെ.എഫ്.സി അധികൃതർ ചൂണ്ടിക്കാട്ടുന്നത്.

കോവിഡ് മൂലം പ്രതിസന്ധിയിലായ 419 വ്യവസായങ്ങൾക്ക്, കോർപറേഷൻ 256 കോടി രൂപയുടെ പുതിയ വായ്പകളാണ് അനുവദിച്ചിരിക്കുന്നത്. കൂടാതെ, സംരംഭകത്വ വികസന പദ്ധതി പ്രകാരം 1937 പുതിയ സംരംഭങ്ങൾക്ക് തുടക്കമിടുകയും ചെയ്തിട്ടുണ്ട്. ഈ പദ്ധതിയിൽ, ഒരു ലക്ഷം വരെയുള്ള വായ്പകൾ, യാതൊരു ഈടുമില്ലാതെയാണ് നൽകിയിരിക്കുന്നത്. പുതുതായി അവതരിപ്പിച്ച സ്റ്റാർട്ടപ്പുകൾക്കുള്ള വായ്പ , ഇലക്ട്രിക്ക് വാഹനങ്ങൾക്കുള്ള വായ്പ, ബസുകൾ സിഎൻജിയിലേക്ക് മാറ്റുവാനുള്ള വായ്പാ, ഹോട്ടലുകൾക്കു 50 ലക്ഷം രൂപ വരെ ലഭ്യമാക്കുന്ന പ്രത്യേക വായ്പ, സർക്കാർ കരാറുകാർക്ക് ബില്ലുകൾ, ഡിസ്‌കൗണ്ടിങ് സൗകര്യങ്ങൾ എന്നിവ യാതൊരു ഈടുമില്ലാതെ അനുവദിച്ചതും, സംസ്ഥാനത്തെ വ്യവസായ മേഖലക്ക് ആശ്വാസമായിട്ടുണ്ട്.6.5 ശതമാനത്തിൽ ധനസമാഹരണം നടത്താൻ സാധിച്ചതിനാൽ  കോർപറേഷന്റെ അടിസ്ഥാന പലിശ നിരക്ക് 8 ശതമാനമായി നേരത്തെ തന്നെ കുറച്ചിരുന്നു. മികച്ച പ്രവർത്തനം കൊണ്ടും  ചെലവുകൾ ചുരുക്കിയത് കൊണ്ടും, മുൻ വർഷത്തേക്കാൾ മികച്ച അറ്റാദായം കൈവരിക്കാനാകുമെന്നാണ്, കെ.എഫ്.സി അധികൃതർ നിലവിൽ പ്രതീക്ഷിക്കുന്നത്.

Top