ഐ ലീഗ് ഫുട്ബാള്‍ മത്സരത്തില്‍ ഗോകുലത്തിന് വീണ്ടും സമനില

കോഴിക്കോട്: ഐ ലീഗ് ഫുട്ബാള്‍ മത്സരത്തില്‍ ഗോകുലത്തിന് വീണ്ടും സമനില കുരുക്ക്. പഞ്ചാബില്‍ നിന്നുള്ള ക്ലബായ നംധാരി എഫ്.സിയാണ് ഇത്തവണ ഗോകുലത്തെ സമനിലയില്‍ തളച്ചത്. ഇരുടീമുകളും രണ്ട് ഗോളുകള്‍ വീതം നേടി. ഒരു ഘട്ടത്തില്‍ തോല്‍വി മുന്നില്‍ കണ്ട ശേഷമാണ് ഗോകുലം സമനില പിടിച്ചുവാങ്ങിയത്.

81-ാം മിനിറ്റിൽ ​ഗോകുലത്തിനായി ക്രോമോൺ ടുർസുനോവ് സമനില ​ഗോൾ കണ്ടെത്തി. ഇതോടെ കൺമുന്നിലെ പരാജയം ഒഴിവാക്കുവാൻ ​ഗോകുലത്തിന് കഴിഞ്ഞു. ഏഴ് മത്സരങ്ങളിൽ നിന്ന് മൂന്ന് ജയവും മൂന്ന് സമനിലയും ഒരു തോൽവിയുമുള്ള ​ഗോകുലം പോയിന്റ് ടേബിളിൽ അഞ്ചാം സ്ഥാനത്താണ്.

ആദ്യ പകുതിയില്‍ 35-ാം മിനിറ്റില്‍ തന്നെ ഗോകുലം മുന്നിലെത്തി. പി എന്‍ നൗഫല്‍ ആയിരുന്നു ഗോകുലത്തെ മുന്നിലെത്തിച്ചത്. എന്നാല്‍ ആദ്യ പകുതി തീരും മുമ്പ് തന്നെ ഗോകുലം പിന്നിലായി. 40-ാം മിനിറ്റില്‍ ആകാശ്ദീപ് സിംഗും ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമില്‍ പല്‍വീന്ദര്‍ സിംഗും നംധാരിക്കായി വലചലിപ്പിച്ചു.

 

Top