ഗോകുല്‍ സുരേഷ് ചിത്രം അമ്പലമുക്കിലെ വിശേഷങ്ങളുടെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

ഗോകുല്‍ സുരേഷ്, ലാല്‍ എന്നിവര്‍ മുഖ്യ കഥാപാത്രങ്ങളില്‍ എത്തുന്ന ഏറ്റവും പുതിയ സിനിമ അമ്പലമുക്കിലെ വിശേഷങ്ങളുടെ പുതിയ പോസ്റ്റര്‍ റിലീസ് ചെയ്തു. നടന്‍ ടൊവിനോ തോമസിന്റെ സോഷ്യല്‍ മീഡിയ പേജുകള്‍ വഴിയാണ് പോസ്റ്റര്‍ റിലീസ് ചെയ്തത്.

നാട്ടുവഴിയില്‍ മൊബൈല്‍ ക്യാമറയുമായി നില്‍ക്കുന്ന ഗോകുലാണ് പോസ്റ്ററിലുള്ളത്. നാട്ടിന്‍പുറത്തുകാരുടെ കഥയാണ് ചിത്രം പറയുന്നത് എന്നാണ് റിപ്പോര്‍ട്ട്.

ജയറാം കൈലാസാണ് സിനിമ സംവിധാനം ചെയ്യുന്നത്. മേജര്‍ രവി, സുധീര്‍ കരമന, മുരളി ചന്ദ്, ഷാജു ശ്രീധര്‍, നോബി മാര്‍ക്കോസ്, ഷഹീന്‍, ധര്‍മജന്‍, മെറീന മൈക്കിള്‍, ബിജുക്കുട്ടന്‍, അനീഷ്.ജി.മേനോന്‍, വനിതാ കൃഷ്ണന്‍, സൂര്യ, സുനില്‍ സുഗത, സജിത മഠത്തില്‍, ഉല്ലാസ് പന്തളം തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.

ജെ.ശരത്ചന്ദ്രന്‍ നായര്‍ നിര്‍മിക്കുന്ന ചിത്രത്തിന് അരുള്‍ദേവ്, രഞ്ജിന്‍ രാജ് എന്നിവര്‍ സംഗീതം നല്‍കുന്നു. അബ്ദുള്‍ റഹീം ഛായാഗ്രഹണവും രഞ്ജന്‍ എബ്രഹാം എഡിറ്റിങും നിര്‍വഹിക്കുന്നു. ഉള്‍ട്ടയാണ് അവസാനമായി റിലീസ് ചെയ്ത ഗോകുല്‍ സുരേഷ് സിനിമ.

അതേസമയം അച്ഛന്‍ സുരേഷ് ഗോപിക്കൊപ്പം ആദ്യമായി ഒരു സിനിമയില്‍ അഭിനയിക്കുകയാണ് ഗോകുല്‍. പാപ്പന്‍ എന്ന ചിത്രത്തിലാണ് സുരേഷ് ഗോപിക്കൊപ്പം ഗോകുലും അഭിനയിക്കുന്നത്.

Top