കൂടുതല്‍ ആത്മവിശ്വാസത്തിന് സ്‌കൂളുകളിലേയ്ക്ക് കുട്ടികളെ തനിച്ച് തന്നെ വിടണമെന്ന് പഠനം

ലണ്ടന്‍: കൂടുതല്‍ മാതാപിതാക്കളും തങ്ങളുടെ കുട്ടികളെ തനിച്ച് സ്‌കൂളുകളിലേയ്ക്ക് വിടാന്‍ ആഗ്രഹിക്കാത്തവരാണ്.

എന്നാല്‍ പുതിയ പഠനങ്ങള്‍ വ്യക്തമാക്കുന്നത്, മറ്റൊരാളുടെ ആശ്രയമില്ലാതെ കുട്ടികള്‍ സ്‌കൂളിലേയ്ക്ക് സൈക്കിളിലോ, നടന്നോ തനിച്ച് തന്നെ പോകുന്നത് അവര്‍ക്ക് കൂടുതല്‍ ഗുണം ലഭിക്കുമെന്നാണ്.

ഇങ്ങനെ മുതിര്‍ന്നവരുടെ ആശ്രയത്തിലല്ലാതെ കാര്യങ്ങള്‍ സ്വന്തമായി ചെയ്യുമ്പോള്‍ അവര്‍ക്ക് തീരുമാനങ്ങളെടുക്കുന്നതിനുള്ള കഴിവുകളും, കൂടുതല്‍ സുരക്ഷിതത്വബോധവും,കൂടുതല്‍ ആത്മ വിശ്വാസവും നേടിയെടുക്കാന്‍ സാധ്യതയേറെയാണ്.

കൂടാതെ കാല്‍ നട യാത്രയും, സൈക്കിള്‍ ഉപയോഗിച്ചുള്ള യാത്രയും കുട്ടികളില്‍ ആരോഗ്യകരമായ ജീവിതശൈലി സൃഷ്ടിക്കുകയും ചെയ്യും.

ഇത്തരം യാത്രകളില്‍, പ്രത്യേകിച്ച് സൈക്ലിങ് കുട്ടികളിലെ ശാരീരിക ക്ഷമത വര്‍ധിപ്പിക്കുമെന്ന് ‘സ്‌പെയിനിലെ ഗ്രാനഡ സര്‍വ്വകലാശാലയിലെ ഗവേഷകനായ മാനുവല്‍ ഹെറാഡോര്‍ പറഞ്ഞു.

745 സ്‌കൂളുകളില്‍ നിന്നായി ആറു മുതല്‍ പന്ത്രണ്ട് വയസ്സു വരെയുള്ള കുട്ടികളില്‍ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തില്‍, 10 നും 12നും ഇടയില്‍ പ്രായമുള്ള ഭൂരിഭാഗം കുട്ടികള്‍ക്കും മറ്റൊരാളുടെ ആശ്രയമില്ലാതെ തനിച്ച് സ്‌കൂളില്‍ പോകുന്നതിനാണ് താല്‍പര്യമെന്ന് കണ്ടെത്തിയതായി ആക്ടാ പീഡിയാട്രിക്‌സ് ജേര്‍ണല്‍ പ്രസിദ്ധീകരിച്ചു.

Top