ഇറാനുമായി സഹകരിക്കരുത്;ഇന്ത്യയ്ക്ക് വീണ്ടും മുന്നറിയിപ്പുമായി അമേരിക്ക

വാഷിംഗ്ടണ്‍: ഇറാനില്‍ നിന്ന് എണ്ണ വാങ്ങരുതെന്ന് വീണ്ടും അമേരിക്കയുടെ മുന്നറിയിപ്പ്. ഇന്ത്യ, ഇറാഖ് രാജ്യങ്ങള്‍ക്കെതിരെയാണ് അമേരിക്ക വീണ്ടും നിലപാട് കടുപ്പിച്ചിരിക്കുന്നത്. നവംബര്‍ 4നു മുന്‍പായി ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കുമതി പൂര്‍ണ്ണമായും നിര്‍ത്തിയില്ലെങ്കില്‍ ഉപരോധം നേരിടേണ്ടി വരുമെന്നാണ് ഭീഷണി. ഇത് സംബന്ധിച്ച് ഇന്ത്യന്‍ അധികൃതരുമായി ചര്‍ച്ചകള്‍ നടത്തിയെന്ന് യു.എസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോണ്‍ ബോള്‍ട്ടണ്‍ പറഞ്ഞു. വൈറ്റ് ഹൗസില്‍ നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വിശദീകരിച്ചത്.

ഇന്ത്യയുടെ സുരക്ഷാ ഉപദേഷ്ടാവ് അജിത് കെ ദോവലുമായി കഴിഞ്ഞ മാസം അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ ചര്‍ച്ചകള്‍ നടത്തിയിരുന്നു. ഉപരോധം ഏര്‍പ്പെടുത്തും എന്ന് അന്നും അമേരിക്ക മുന്നറിയിപ്പ് നല്‍കിയിരുന്നു.

ഇറാഖിനും ഇന്ത്യയ്ക്കും മാത്രമല്ല, ഇറാനുമായി കച്ചവടം തുടരുന്ന എല്ലാ രാജ്യങ്ങളോടും ഇതേ നിലപാട് സ്വീകരിക്കുമെന്നും പകരം പുതിയ രാജ്യങ്ങളുമായി കച്ചവടം സ്ഥാപിച്ച് മാര്‍ക്കറ്റ് വിലയ്ക്ക് അവര്‍ക്ക് എണ്ണ നല്‍കുമെന്നും അമേരിക്ക വിശദീകരിച്ചു. ഇത് ഏഷ്യന്‍ രാജ്യങ്ങള്‍ക്കടക്കം ഗുണകരമായിരിക്കുമെന്നും ബോള്‍ട്ടണ്‍ വ്യക്തമാക്കി.

അമേരിക്കയുടെ ഇറാനെതിരെയുള്ള ഉപരോധത്തില്‍ വിട്ടുവീഴ്ച ചെയ്യണമെന്ന് അന്താരാഷ്ട്ര നീതിന്യായ കോടതി ഉത്തരവിട്ടിരുന്നു. ഒബാമ ഭരണകൂടവുമായി ആണവകരാര്‍ ട്രംപ് റദ്ദാക്കുകയും ഇറാനെതിരെ കൂടുതല്‍ കര്‍ശന വിലക്കുകള്‍ ഏര്‍പ്പെടുത്തിയതിനെത്തുടര്‍ന്നാണ് അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ ഉത്തരവ്.

എന്നാല്‍ ഈ ഉത്തരവ് പാലിക്കാന്‍ തങ്ങള്‍ക്ക് ഒരു ബാധ്യതയുമില്ലെന്ന നിലപാടിലായിരുന്നു അമേരിക്ക.

Top