മാനസികാരോഗ്യ ചികിത്സ ഫലപ്രദമായി നല്‍കുന്നതില്‍ ദൈവത്തിന്റെ സ്വന്തം നാട് ഒന്നാമത്

ന്യൂഡൽഹി: മാനസിക രോഗങ്ങൾ സർവസാധാരണമാണ്, നാലു പേരിൽ ഒരാൾ ജീവിതത്തിൽ പല അവസരങ്ങളിലും മാനസിക അസ്വസ്ഥത അനുഭവിക്കുന്നു.

അവരോടു പങ്കുചേർന്ന്, അവരെ മനസ്സിലാക്കി സഹകരിക്കുക എന്നത് ചികിത്സക്കും, സുഖപ്രാപ്തിക്കും, പുനരധിവാസത്തിനും വളരെ പ്രധാനപ്പെട്ട കാര്യങ്ങളാണ്.

അത്തരത്തിൽ രാജ്യത്ത് മാനസികാരോഗ്യ ചികിത്സ ഫലപ്രദമായി നല്‍കുന്നതില്‍ ഒന്നാമത് നിൽക്കുന്നത് ദൈവത്തിന്റെ സ്വന്തം നാടായ കേരളമാണ്.

കേന്ദ്ര ആരോഗ്യ-കുടുംബ മന്ത്രാലയം ബെംഗളൂരുവിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെന്റല്‍ ഹെല്‍ത്ത് ആന്‍ഡ് ന്യൂറോ സയന്‍സിന്റെ (നിംഹാന്‍സ്) നേതൃത്വത്തില്‍ തയ്യാറാക്കിയ ദേശീയ മാനസികാരോഗ്യ സർവ്വേയിലാണ് മാനസികാരോഗ്യ ചികിത്സ നൽകുന്നതിൽ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളം മുന്നിലാണെന്ന് കണ്ടെത്തിയിരിക്കുന്നത്.

എല്ലാ ജില്ലയിലും ഫലപ്രദമായ ചികിത്സ ലഭ്യമാകുന്ന ഏക സംസ്ഥാനം കേരളമാണെന്ന് റിപ്പോർട്ടിൽ പറയുന്നു.

മികച്ച ചികിത്സാ സംവിധാനങ്ങള്‍ നൽകുന്നതിലും , ജീവനക്കാരെ ഉൾപെടുത്തുന്നതിലും കേരളത്തിന്റെ മികവ് സര്‍വേ ചൂണ്ടികാണിക്കുന്നു.

ജില്ലാ തല മാനസികാരോഗ്യ പദ്ധതിയില്‍-ഡിഎംഎച്ച്പി (ഡിസ്ട്രിക്ട് മെന്റല്‍ ഹെല്‍ത്ത് പ്രോഗാം) 100 ശതമാനം നേട്ടം കൈവരിച്ച ഏക സംസ്ഥാനമാണ് കേരളം.

ഗ്രാമ പ്രദേശങ്ങളിൽ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലെ ഡോക്ടര്‍മാര്‍ക്ക് മാനസികാരോഗ്യ ചികിത്സയില്‍ കൂടുതൽ പരിശീലനം നൽകുക, രോഗികളെ നേരിട്ട് കണ്ട് സൈക്യാട്രിസ്റ്റുമാരടങ്ങുന്ന വിദഗ്ധ സംഘം വിവിധ ആശുപത്രികളില്‍ എത്തി ചികിത്സ നൽകുക തുടങ്ങിയവയാണ് ജില്ലാ തല മാനസികാരോഗ്യ പദ്ധതിയില്‍ ഉൾപ്പെടുത്തിയത്.

പ്രാദേശികാടിസ്ഥാനത്തില്‍ മാനസികാരോഗ്യ ചികിത്സ നൽകുകയെന്നതാണ് പദ്ധതി ലക്ഷ്യമാക്കുന്നത്.

1996 മുതല്‍ നാഷണല്‍ മെന്റല്‍ ഹെല്‍ത്ത് പ്രോഗ്രാം നടപ്പാക്കുന്നതില്‍ ഏറ്റവും പ്രധാന്യത്തോടെ കാണുന്നത് ഡിഎംഎച്ച്പിയെയാണ്.

രാജ്യത്ത് മൂന്നിലൊന്ന് സംസ്ഥാനങ്ങള്‍ മാത്രമാണ് ഡിഎംഎച്ച്പി മേഖലയില്‍ 50 ശതമാനത്തിലേറെ ലക്ഷ്യം നേടിയത്.

കേരളം പൊതുമേഖലയില്‍ ചികിത്സ നൽകുന്നതിലും മുൻപന്തിയിലാണ്.

ജനസംഖ്യാനുപാതികമായി ആവശ്യത്തിന് ഡോക്ടര്‍മാരുണ്ട്, 400 സൈക്യാട്രിസ്റ്റുകളും 211 ക്‌ളിനിക്കല്‍ സൈക്കോളജിസ്റ്റുകളും ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നു.

അതേസമയം, ഒരു ലക്ഷം പേര്‍ക്ക് ഒരു സൈക്യാട്രിസ്റ്റിനെ അതേസമയം പോലും നിയമിക്കുന്നതിൽ അന്യ സംസ്ഥാനങ്ങൾ പരാജയപ്പെടുന്നുവെന്ന് സര്‍വേ വ്യക്തമാക്കുന്നു.

10 മാനദണ്ഡങ്ങള്‍ അടിസ്ഥാനപ്പെടുത്തിയാണ് സർവ്വേയിലാണ് കേരളം ഒന്നാം സ്ഥാനത്തെത്തിയിരിക്കുന്നത്‌.

സര്‍വേ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കേരളത്തില്‍ മാനസികാരോഗ്യ മേഖലയില്‍ പ്രത്യേക കര്‍മപദ്ധതി ഒരുങ്ങുകയാണ്.

രാജ്യത്ത് മാനസികാരോഗ്യ പ്രശ്‌നങ്ങളുടെ വ്യാപ്തി അറിയാനും ചികിത്സ നിര്‍ണയിക്കാനുമായാണ് ദേശീയ തലത്തില്‍ സർവ്വേ നടത്തുന്നത്.

കേരളം, ഗുജറാത്ത്, പഞ്ചാബ്, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, ജാര്‍ഖണ്ഡ്, അസം, മണിപ്പുര്‍, പശ്ചിമബംഗാള്‍, തമിഴ്‌നാട് എന്നിവിടങ്ങളിലാണ്‌ സർവ്വേ നടത്തിയത്.

Top