ദൈവത്തിന്റെ സ്വന്തം നാട് ടൂറിസത്തിനു പിന്നില്‍;കേന്ദ്ര ടൂറിസം വകുപ്പ്

കോട്ടയം: ടൂറിസത്തില്‍ കേരളത്തിനു കാര്യമായ പങ്കില്ലെന്ന് കേന്ദ്ര ടൂറിസം വകുപ്പ് .ഏറ്റവും കൂടുതല്‍ ടൂറിസ്റ്റുകള്‍ എത്തിയത് തമിഴ്‌നാട്ടില്‍.

ടൂറിസം വരുമാന കണക്കിലും ആഭ്യന്തര ടൂറിസ്റ്റുകള്‍ സന്ദര്‍ശിച്ചതിലും ആദ്യപത്തു സംസ്ഥാനങ്ങളില്‍ കേരളമില്ല. വിദേശ ടൂറിസ്റ്റുകള്‍ സന്ദര്‍ശനം നടത്തിയതിലും കേരളം ഏഴാം സ്ഥാനത്താണ്.

തമിഴ്‌നാട്ടിലെ പ്രശസ്തമായ ക്ഷേത്രങ്ങളും ചരിത്ര സ്മാരകങ്ങളുമാണ് ടൂറിസം മേഖലയ്ക്കു നേട്ടമുണ്ടാക്കിയത്. തെക്കന്‍ സംസ്ഥാനങ്ങളായ ആന്ധ്രയും കര്‍ണാടകയും റാങ്കിങ്ങില്‍ ആദ്യ അഞ്ച് സ്ഥാനങ്ങളിലാണ്.

2016ല്‍ 34.38 കോടി ആഭ്യന്തര ടൂറിസ്റ്റുകളും 47.22 ലക്ഷം വിദേശ ടൂറിസ്റ്റുകളും തമിഴ്‌നാട് സന്ദര്‍ശിച്ചിരുന്നു. കേരളത്തില്‍ 1.32 കോടി ആഭ്യന്തര ടൂറിസ്റ്റുകളും 10.39 ലക്ഷം വിദേശ ടൂറിസ്റ്റുകളുമാണെത്തിയത്.

രാജ്യത്ത് ടൂറിസം മേഖലയില്‍ എത്തിയ വിദേശനാണ്യം 2014ല്‍ 1.233 ലക്ഷം കോടിയും 2015ല്‍ 1.35 ലക്ഷം കോടിയും 2016ല്‍ 1.55 ലക്ഷം കോടി രൂപയുമായിരുന്നു. ഇതില്‍ കേരളത്തിന്റെ ഖജനാവിലെത്തിയത് 2016ല്‍ 7749.51 കോടി രൂപ.

2015 (6949.88 കോടി), 2014 ല്‍ 6398 കോടി രൂപ. 2016ല്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ വിദേശ–ആഭ്യന്തര ടൂറിസ്റ്റുകള്‍ സന്ദര്‍ശിച്ച ഇന്ത്യന്‍ നഗരങ്ങള്‍ ഡല്‍ഹി, മുംബൈ, ചെന്നൈ, ആഗ്ര, ജയ്പൂര്‍ എന്നിവിടങ്ങളാണ്.

ലോകത്ത് വിദേശ ടൂറിസ്റ്റുകള്‍ എത്തുന്നതില്‍ 25–ാം സ്ഥാനമാണ് ഇന്ത്യക്ക്. വിദേശ ടൂറിസ്റ്റുകളെത്തുന്ന വിമാനത്താവളങ്ങളില്‍ നെടുമ്പാശേരിയുടെ സ്ഥാനം ഏഴാമതാണ്.തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിന് ഒന്‍പതാം സ്ഥാനമാണുള്ളത്.

39,909 പേരാണ് വീസ ഓണ്‍ അറൈവലായി 2016ല്‍ കൊച്ചിയിലെത്തിയത്.രാജ്യത്ത് 2014 ലും 2015ലും ഏറ്റവും കൂടുതല്‍ ടൂറിസ്റ്റുകളെത്തിയത് അമേരിക്കയില്‍ നിന്നാണ്.

2017 ജൂണ്‍ വരെ 48.9 ലക്ഷം വിദേശ ടൂറിസ്റ്റുകള്‍ ഇന്ത്യയിലെത്തിയിട്ടുണ്ട്. 2017ലും ബംഗ്ലാദേശികളാണ് ഏറ്റവും കൂടുതല്‍ എത്തിയത്. 2017ല്‍ ജൂണ്‍ വരെ വിദേശനാണ്യയിനത്തില്‍ 87096 കോടി രൂപ ലഭിച്ചു.

Top