ടൂറിസ്റ്റ് ബോട്ടപകടം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു

ഹൈദരാബാദ്: ആന്ധ്രാപ്രദേശിലെ ഗോദാവരി നദിയില്‍ ബോട്ട് മറിഞ്ഞ് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം പ്രഖ്യാപിച്ച് ആന്ധ്ര സര്‍ക്കാര്‍. 10 ലക്ഷം രൂപയാണ് ധനസഹായമായി പ്രഖ്യാപിച്ചത്. മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡിയാണ് ഇക്കാര്യം അറിയിച്ചത്.

അതേസമയം അപകടത്തില്‍ മരിച്ചവരുടെ എണ്ണം 11 ആയി. ഹൈദരാബാദ്, കാക്കിനട എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് അപകടത്തില്‍പ്പെട്ടത്. 11 ജീവനക്കാരടക്കം 63 പേരാണ് ബോട്ടിലുണ്ടായിരുന്നത്. അതില്‍ 23 പേരെ രക്ഷപ്പെടുത്തി. ഇരുപതിലധികം പേരെ കാണാതായി. ഇവരെ കണ്ടെത്താനായി ദുരന്തനിവാരണ സേന തെരച്ചില്‍ തുടരുകയാണ്.

കിഴക്കന്‍ ഗോദാവരി ജില്ലയില്‍ ഞായറാഴ്ച ഉച്ചകഴിഞ്ഞ് ദേവപട്ടണത്തിനടുത്തുള്ള ഗാന്ധി പൊച്ചമ്മ ക്ഷേത്രത്തില്‍ നിന്ന് വിനോദസഞ്ചാര കേന്ദ്രമായ പാപ്പികൊണ്ടാലുവിലേക്ക് പോയ ബോട്ടാണ് മറിഞ്ഞത്. അപകടമുണ്ടാകാനുള്ള കാരണം വ്യക്തമല്ലെന്ന് ജില്ലാ പോലീസ് മേധാവി അദ്നാന്‍ നയീം അസ്മി പറഞ്ഞു. ആന്ധ്രപ്രദേശ് ടൂറിസം ഡെവലപ്പ്മെന്റ് കോര്‍പ്പറേഷന്റേതാണ് അപകടത്തില്‍പ്പെട്ട ബോട്ടെന്നാണ് ലഭിക്കുന്ന വിവരം. കാണാതായവര്‍ക്കായി ഹെലികോപ്റ്ററിലും തെരച്ചില്‍ നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു.

Top