റിപ്പബ്ലിക് ദിനാഘോഷം; ബ്രസീല്‍ പ്രസിഡന്റിനെതിരെ ഗോബാക്ക് വിളിച്ച് ട്വിറ്റര്‍

ന്യൂഡല്‍ഹി: രാജ്യത്തിന്റെ 71-മത് റിപ്പബ്ലിക് ദിനാഘോഷത്തില്‍ അതിഥിയായി എത്തിയിരിക്കുന്നത് ബസീല്‍ പ്രസിഡന്റ് ജൈര്‍ ബോള്‍സൊനാരോയാണ്. ഇത് മൂന്നാം തവണയാണ് ഒരു ബ്രസീല്‍ പ്രസിഡന്റ് റിപ്പബ്ലിക് ദിനത്തില്‍ വിശിഷ്ടാതിഥിയായി എത്തുന്നത്. ഇതിന് മുമ്പ് 1996, 2004 വര്‍ഷങ്ങളിലും ഇന്ത്യ റിപ്പബ്ലിക് ദിനത്തില്‍ ബ്രസീലിയന്‍ പ്രസിഡന്റുമാര്‍ക്ക് ആതിഥ്യമരുളിയിരുന്നു.

എന്നാല്‍ ബൊള്‍സൊനാരോ ഇന്ത്യയിലെത്തുമ്പോള്‍ ഗോ ബാക്ക് വിളിയുമായാണ് സോഷ്യല്‍മീഡിയ അദ്ദേഹത്തെ സ്വീകരിക്കുന്നത്. ‘നിങ്ങള്‍ ഞങ്ങളുടെ രാജ്യത്തിന്റെ പതാകയില്‍ തൊടുന്നത് ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല’ എന്നാണ് ട്വീറ്റുകള്‍. ‘ആമസോണ്‍ കാടുകളുടെ ഘാതകനെ ഞങ്ങള്‍ക്ക് വേണ്ട. ബലാത്സംഗത്തെ സാധാരണമായി കാണുന്ന ഒരാള്‍ ഞങ്ങളുടെ മനോഹരമായ റിപ്പബ്ലിക് ദിനത്തില്‍ അതിഥിയായി എത്തേണ്ട’, ഇങ്ങനെ പോകുന്നു ട്വീറ്റുകള്‍.

ഒരിക്കല്‍ ബ്രസീലിലെ ഒരു വനിതാ രാഷ്ട്രീയ പ്രവര്‍ത്തകയോട് ബോള്‍സൊനാരോ പറഞ്ഞത്, ‘ഒന്ന് ബലാത്സംഗം ചെയ്യാന്‍ പോലും തോന്നാത്തത്ര വിരൂപയാണ് നിങ്ങള്‍’ എന്നായിരുന്നു. ‘ആദിവാസി സ്ത്രീയെ വേശ്യയെന്ന് വിളിച്ചയാളാണ് ബൊള്‍സൊനാരോ’യെന്ന് ട്വിറ്റര്‍ പറയുന്നു.

Top