ടിക്കറ്റില്ലാതെ യാത്ര ചെയ്യാന്‍ എത്തിയ ആടിനെ റെയില്‍വേ ലേലം ചെയ്തു

goat

മുംബൈ : ടിക്കറ്റില്ലാതെ യാത്ര ചെയ്തവരെ പിടികൂടി എന്നൊക്കെ വാര്‍ത്തകള്‍ വന്നിട്ടുണ്ട്. എന്നാലിതാ ടിക്കറ്റില്ലാതെ യാത്ര ചെയ്ത ആടിനെ പിടികൂടി ലേലം ചെയ്തിരിക്കുകയാണ് ഇന്ത്യന്‍ റെയില്‍വേ. മുംബൈയിലാണ് വ്യത്യസ്തമായ സംഭവം അരങ്ങേറിയിരിക്കുന്നത്. ചൊവ്വാഴ്ച വൈകിട്ട് മഹാരാഷ്ട്രയിലെ മസ്ജിദ് സ്റ്റേഷനിലാണ് സംഭവം. 2500 രൂപയ്ക്കാണ് ആടിനെ ലേലം ചെയ്തത്.

ഒരു യാത്രികന്‍ ആടുമായി റെയില്‍വേ സ്റ്റേഷനിലെത്തിയത് രാം കാപ്തെ ടിക്കറ്റ് പരിശോധകന്റെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. യാത്രക്കാരനോട് ടിക്കറ്റും ആടിനെ കൊണ്ടുപോകാനുള്ള അനുമതി പത്രവും ആവശ്യപ്പെട്ടപ്പോള്‍ ഭയപ്പെട്ട് ഇയാള്‍ ആടിനെയും ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നുവെന്ന് റെയില്‍വേ അധികൃതര്‍ പറഞ്ഞു. അയാളുടെ പക്കല്‍ ടിക്കറ്റോ ആടിനെ കൊണ്ടുപോകാന്‍ ആവശ്യമായ അനുമതിപത്രമോ ഉണ്ടായിരുന്നില്ലെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.

പിന്നീട് ആടിനെ അന്വേഷിച്ച് ആരും എത്താത്തതിനെ തുടര്‍ന്നാണ് ആടിനെ ലേലം ചെയ്യാന്‍ അധികൃതര്‍ തീരുമാനിച്ചത്. മൂവായിരം രൂപ ലേലത്തുക നിശ്ചയിച്ചെങ്കിലും 2500 രൂപയ്ക്കാണ് ആട് വിറ്റുപോയതെന്ന് അധികൃതര്‍ പറഞ്ഞു. പശ്ചിമ ബംഗാള്‍ സ്വദേശിയായ അബ്ദുള്‍ റഹ്മാന്‍ എന്നയാളാണ് ആടിനെ വാങ്ങിയത്.

ഉടമസ്ഥന്‍ ഉപേക്ഷിച്ചു പോയ ആടിനെ റെയില്‍വേ ജീവനക്കാര്‍ ഏറ്റെടുക്കുകയും ആടിന് ബസന്തി എന്നു പേരും ഇട്ടു. തുടര്‍ന്ന് ആടിനെ ഛത്രപതി ശിവാജി മഹാരാജ് ടെര്‍മിനസിലെത്തിച്ചു. റെയില്‍വേ നിയമപ്രകാരം, ചീത്തയായി പോകുന്ന വസ്തുക്കളും വളര്‍ത്തുമൃഗങ്ങളെയും ലഭിക്കുകയും അവയ്ക്കു മേല്‍ അവകാശവാദം ഉന്നയിച്ച് ഉടമസ്ഥര്‍ അന്വേക്ഷിച്ച് എത്തിയില്ലെങ്കില്‍ എത്രയും വേഗം തന്നെ ലേലം ചെയ്ത് വിറ്റഴിക്കേണ്ടതുണ്ട്.

Top